പത്തനാപുരം: മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്റെ പോസ്റ്റ്. ഗണേഷ്കുമാറിന്റെ കുടുംബ വീട്ടിൽ വച്ച് ഗണേഷിന്റെ പേഴ്സണൽ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ മർദിച്ചെന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപണങ്ങളായി ഉയർത്തിയിട്ടുള്ളത്.
മന്ത്രിയുടെ ഭാര്യയ്ക്ക് പരുക്കേൽക്കുകയും, 112ലേക്ക് വിളിച്ച്, പൊലീസ് എത്തുകയും ചെയ്തിട്ടും നടപടിയെടുക്കാൻ തയാറായില്ലെന്ന് പോസ്റ്റിൽ പറയുന്നു. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിന് ഗണേഷ്കുമാറിനെതിരെ വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്സ്ബുക് പോസ്റ്റിൽ ചോദിക്കുന്നു.
സംസ്ഥാന മന്ത്രി കെ.ബി.ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലേ ? ഭാര്യ ആ അവിഹിതം കയ്യോടെ പൊക്കിയത് അറിഞ്ഞില്ലേ ?ഭാര്യയെ മന്ത്രിയുടെ നിർദേശാനുസരണം പഴ്സനൽ സ്റ്റാഫ് മർദിച്ചത് നിങ്ങൾ അറിഞ്ഞില്ലേ? ഭാര്യ, പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലേ?
ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കയ്യോടെ പൊക്കിയിട്ട്, പൊലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കയ്യേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലേ ? ഇതെന്ത് നീതി ? ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല. എന്നിങ്ങനെയായിരുന്നു യദുകൃഷ്ണന്റെ പോസ്റ്റ്.

















































