കോഴിക്കോട്: ഒൻപതാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് (50) അറസ്റ്റിലായത്. പിറന്നാളിന് സമ്മാനം നൽകാമെന്ന് പറഞ്ഞ് സജീന്ദ്ര ബാബു ഈ മാസം നാലിന് കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
മേടിച്ച സമ്മാനം വീട്ടിലായതിനാൽ കൂടെ വരണമെന്ന് വിദ്യാർഥിയോട് ഇയാൾ പറഞ്ഞു. ബൈക്കിൽ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയശേഷം കിടപ്പുമുറിയിൽ വച്ച് ഇയാൾ മോശമായി പെരുമാറാൻ തുടങ്ങി. പീഡനശ്രമം കുട്ടി ചെറുത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഒരു ബന്ധുവിനോട് വിവരം പറഞ്ഞു.
തുടർന്നു വീട്ടുകാരാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്. സ്കൂൾ അധികൃതർ നല്ലളം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്തശേഷം പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.


















































