മലപ്പുറം: മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയറിയാതെ ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. വെങ്ങര സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 23കാരനായ അബ്ദുൾ ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. അബ്ദുൾ ഗഫൂർ എംഡിഎംഎ കേസിലും പ്രതിയാണ്.
സൗഹൃദം നടിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം ഫുഡ് കഴിക്കാനായി കുട്ടിയെ വിളിക്കുകയായിരുന്നു. ഫുഡിൽ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സ് കലർത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ കുട്ടിയോട് അടുപ്പം ഊട്ടിയുറപ്പിച്ച ശേഷം ഇത്തരം ഫുഡ് ഇടയ്ക്ക് ഇടയ്ക്ക് നൽകി ലൈംഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.
2020 ൽ പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഇൻസ്റ്റഗ്രാം വഴി അബ്ദുൾ ഗഫൂറുമായി പരിചയത്തിലാകുന്നത്. ഇയാൾ ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരുന്നത്. മറ്റ് വീടുകൾക്ക് മുന്നിൽ നിന്ന് സ്വന്തം വീടാണെന്ന് പ്രചരിപ്പിച്ചിരുന്നു. സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. കൂടാതെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടിയുടെ ആഭരണങ്ങൾ വാങ്ങി വിൽക്കുകയും ചെയ്തിരുന്നു.
ഏറെ നാളുകൾക്കു ശേഷം പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്. കൗൺസിലിംഗ് കൊടുക്കുകയും ചെയ്തു. ലഹരിയിൽ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താൻ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. അബ്ദുൾ ഗഫൂർ പരപ്പനങ്ങാടിയിൽ എംഡിഎംഎ കൈവശം വെച്ച കേസിലും പ്രതിയാണ്. പോക്സോ, കവർച്ച ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.