കോന്നി: പയ്യനാമൺ അടുകാട് ചെങ്കുളം പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചിൽ ഇന്നു വീണ്ടും ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി.
ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാൺധമാൽ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർല ജമുയ് ഗ്രാം സിമർലിയ അജയ് കുമാർ റായി (38) ക്കായുള്ള തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഇടയ്ക്കു പാറ ഇടിയുന്നതിനാൽ ദൗത്യം സങ്കീർണമാവുകയാണ്.
ഇന്നലെ ഹിറ്റാച്ചി ഉപയോഗിക്കുന്നതിനിടെ ആഴമേറിയ വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. ഈ സമയം ഹിറ്റാച്ചിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്.
മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് 6.15നാണ് മറ്റൊരു യന്ത്രം എത്തിച്ച് പാറ പൊട്ടിച്ച ശേഷം വഴിയൊരുക്കി അഗ്നിരക്ഷാസേന മൃതദേഹം കിടന്നിരുന്ന ഭാഗത്ത് എത്തിയത്. യന്ത്രമുപയോഗിച്ച് പാറ മാറ്റിയാണു ഒരാളുടെ മൃതദേഹം പുറത്തെടുത്തത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടി.