കൊല്ലം: കടയ്ക്കലിൽ യുവാവിനെ ഓട്ടോയിൽ പിൻതുടർന്ന് വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. കടയ്ക്കൽ സ്വദേശികളായ ജയേഷ്, ലിജോ അജീഷ്, രാഹുൽ എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മദ്യലഹരിയിൽ ബാറിൽവച്ചുണ്ടായ തർക്കത്തിൽ നടത്തിയ കൊലപാതകം എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അതേസമയം കടയ്ക്കലിൽ ഇന്നലെ വൈകിട്ടായിരുന്നു ദാരുണസംഭവം നടന്നത്. കടക്കൽ വയല ശരത് ഭവനിൽ ശരത്താണ് കൊല്ലപ്പെട്ടത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കൽ അഞ്ചുമുക്കിൽ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്നലെ കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുലുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. പിന്നീട് ബാർ ജീവനക്കാർ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു.
ഇതിനിടെ ബാറിൽ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയിൽ നാലംഗസംഘം പിന്തുടർന്നു. പന്തളംമുക്കിൽവെച്ച് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടർന്ന് എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം കടയ്ക്കലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.















































