ന്യൂഡൽഹി: മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ശൂന്യവേളയിലാണ് ഈ വിഷയം എംപി ഉന്നതിയച്ചത്. തീവ്ര ഹിന്ദുത്വവാദികളാലാണ് വൈദീകർ ആക്രമിക്കപ്പെട്ടത്. ഇതോടെ ഹിന്ദുത്വവാദികളുടെ അസഹിഷ്ണുത വെളിപ്പെട്ടു. നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ പോലീസിൻെറ മുന്നിലിട്ടു മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മുന്നിലിട്ടാണ് സ്ത്രീകൾ അടക്കമുള്ള സംഘം വൈദികരെ മർദിച്ചത്. വിഷയം സഭയിൽ ഉന്നയിച്ചിട്ടും സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിൽനിന്ന് ഇറങ്ങിപ്പോയി.
ചൊവ്വാഴ്ച ജബൽപൂരിൽ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്ലയിൽനിന്നും വിവിധ പള്ളികളിലേക്ക് ബസിൽ പോവുകയായിരുന്ന ക്രൈസ്തവ വിശ്വാസി സംഘത്തെയാണ് വിഎച്ച്പി പ്രവർത്തകർ തടഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരെ സഹായിക്കുന്നതിനായി സ്റ്റേഷനിലേക്ക് ചെന്ന മലയാളി വൈദികരായ ഫാ ഡേവിസ് ജോർജിനെയും ഫാ ജോർജിനെയുമാണ് സ്ത്രീകളടങ്ങുന്ന സംഘം പോലീസുകാർക്ക് മുന്നിലിട്ട് മർദിച്ചത്. തുടർന്ന് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ച വിശ്വാസികളോട് ശക്തമായ നടപടിയെടുക്കുമെന്ന് ജബൽപൂർ പോലീസ് പറഞ്ഞെങ്കിലും ഇതുവരെ കേസെടുത്തതായി അറിയിച്ചിട്ടില്ല.
അതേസമയം മർദിച്ചെന്ന ആരോപണം നിഷേധിച്ച വിഎച്ച്പി നിർബന്ധിത മതപരിവർത്തനത്തിനാണ് വൈദികർ ശ്രമിച്ചതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ്. ആദിവാസികളെ വ്യാപകമായി മേഖലയിലെ വൈദികർ മതം മാറ്റുന്നുന്നുണ്ടെന്നും രേഖകൾ പരിശോധിച്ചപ്പോൾ ബസിലുണ്ടായിരുന്നവരിൽ പലരും ക്രൈസ്തവരല്ലെന്നും വിഎച്ച്പി ദേശീയ വക്താവ് പറഞ്ഞു.
അവസരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന സംഘപരിവാറിന്റെ ഇരട്ടത്താപ്പ് ഒരിക്കൽകൂടി വ്യക്തമായെന്നാരോപിച്ചാണ് പ്രതിപക്ഷം പാർലമെന്റിൽ സംഭവം ഉയർത്തിക്കാട്ടി പ്രതിഷേധിച്ചത്. വിഷയം അടിയന്തിരമായി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ ലോക്സഭയിൽനിന്നും ഇറങ്ങിപോയി പുറത്ത് പ്രതിഷേധിച്ചു. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ജനം തിരിച്ചറിയണം, പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടി അംഗീകരിക്കില്ല- സിപിഎം എംപിമാരായ ജോൺ ബ്രിട്ടാസും വി ശിവദാസനും പറഞ്ഞു. നേരത്തെ സംഭവത്തിൽ കടുത്ത ആശങ്കയറിയിച്ച സിബിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.
വഖഫ് നിയമ ഭേദഗതി ബില്ലിലൂടെയടക്കം ക്രിസ്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കുന്നുവെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ആക്രമണം.