കൊച്ചി: ബസുകളുടെ മത്സരയോട്ടത്തിനിടയിൽ പെട്ട് കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവൻ പൊലിഞ്ഞു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് അപകടത്തിൽ മരിച്ചത്. ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബിസ്മില്ല എന്ന ബസ് ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.
തിങ്കളാഴ്ച രാവിലെ സൗത്ത് കളമശേരിയിലായിരുന്നു സംഭവം. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറുപ്പിച്ചത്. സലാം ഓടിച്ചിരുന്ന ഇരുചക്ര വാഹനം ബസിൽ തട്ടി വീഴുന്നതും ബസ് തലയിലൂടെ കയറി ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
അതേസമയം പത്തടിപ്പാലം മുതൽ കളമശേരി വരെ രണ്ടു ബസുകൾ മത്സരയോട്ടം നടത്തുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അപകടം നടന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ നഗരത്തിൽ പതിവായതോടെ ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാസമാണ് ഭജന കഴിഞ്ഞുമടങ്ങുകയായിരുന്ന ഗോവിന്ദ് എസ്. ഷേണായി എന്ന പതിനെട്ടുകാരൻ സ്വകാര്യ ബസ് ഇടിച്ചു മരിച്ചത്.