കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് പോലീസ് പിടികൂടിയത് 2 കിലോയോളം വരുന്ന കഞ്ചാവ് ശേഖരം. ഡാൻസാഫ്, പോലീസ് സംഘം റെയ്ഡിനായി ഹോസ്റ്റലിൽ എത്തുമ്പോൾ ഹോളി ആഘോഷമാക്കാൻ വിദ്യാർഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പറഞ്ഞു.
ഈ കോളേജിലെ പൂർവ്വ വിദ്യാർഥിയെ പിടികൂടിയതിൽ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് ഡാൻസാഫ് സംഘം റെയ്ഡിനെത്തിയത്. ഈ സമയം വിദ്യാർഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽപ്പനയ്ക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും വിദ്യാർഥികളിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. കൂടാതെ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.
സംഭവത്തിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായി. മൂന്നു പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരെ 2 എഫ് ഐ ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശാണ് (21) ഒന്നാം പ്രതി. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ.
കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. അതേസമയം, മൂന്ന് ആൺകുട്ടികൾ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കഞ്ചാവ് എത്തിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.