തിരുവനന്തപുരം: നല്ല വാക്കുകൾ പറഞ്ഞതിന്റെ പേരിൽ ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ഈ വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അദ്ഭുതമായി തോന്നുന്നുവെന്നും കെകെ രാഗേഷ് പറഞ്ഞു.
കെകെ രാഗേഷിന്റെ വാക്കുകൾ ഇങ്ങനെ ‘‘നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലർ സങ്കുചിതരായി പോകുന്നു. നല്ല വാക്കുകൾ പറഞ്ഞതിന് അധിക്ഷേപത്തിന് ഇരയാക്കുന്നു. അങ്ങേയറ്റം ദൗർഭാഗ്യകരമാണ് ഇത്. നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ് ആണ്. പ്രാകൃതമായ മനസിന്റെ ഉടമകളാണ് ഇത് നടത്തുന്നത്. ഉയർന്ന ചുമതലയിലുള്ളവർ പോലും അധിക്ഷേപം നടത്തുന്നു. അവർ സ്വയം ഒന്ന് ആലോചിക്കണം. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരോട് വിദ്വേഷം പുലർത്തുകയാണ്. രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു. ഇപ്പോൾ നടക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം. കെ. കരുണാകരനും ഇ.കെ. നായനാരും തമ്മിൽ ശക്തമായ രാഷ്ട്രീയ വ്യത്യാസം നിലനിൽക്കുമ്പോൾ തന്നെ പരസ്പരം സൗഹാർദം നിലനിർത്തിയിരുന്നു.’’
കഴിഞ്ഞ ദിവസം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ ദിവ്യയ്ക്കെതിരെ വൻ സൈബറാക്രമണമാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി കെകെ രാഗേഷ് തന്നെ രംഗത്തെത്തിയത്.