ഹൈദരാബാദ്: ടൈം മെഷീന്‍ കിട്ടിയാല്‍ താന്‍ 2014 ലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റുമെന്ന് സിനിമാ നടന്‍ കിഷോര്‍. കഴിഞ്ഞ ദിവസം പുതിയ ചിത്രം മെല്ലിസൈയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കിഷോറിന്റെ പരാമര്‍ശം. ”ഞാന്‍ പറയുന്നത് നിങ്ങള്‍ ഇടുമോ എന്നറിയില്ല. എങ്കിലും പറയാം, 2014 ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും.
ഇന്ത്യയാകെ മാറി. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പ് അപകടകരമാണ്. ഇതിനെ ഇങ്ങനെ തന്നെ പോകാന്‍ വിട്ടാല്‍ മാറാന്‍ പതിറ്റാണ്ടുകളെടുക്കും. വളരെ അപകടകരമാണ്.” കിഷോര്‍ പറയുന്നു. ”ഈ സിനിമയിലും സംസാരിക്കുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. സ്‌നേഹമില്ലാതെ ഒന്നുമില്ല. സ്‌നേഹമില്ലാതെ മനുഷ്യര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ല. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാനാകും.
ആ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവര്‍ വളരെ അപകടകാരികളാണ്. ഏത് കമ്യൂണിറ്റിയായാലും ശരി. അതൊരു നാടായാലും രാജ്യമായാലും ശരി. മിക്കയിടത്തും അത്തരക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ട്രംപിനെ നോക്കൂ. അത് അപകടമാണ്. മനുഷ്യരെപ്പോലുള്ള സോഷ്യല്‍ ആനിമലുകളാണ് അവര്‍.” എന്നും കിഷോര്‍ പറയുന്നു.
















































