തിരുവനന്തപുരം: പുരയിടത്തിൽ നല്ല കാതലൊത്ത ചന്ദനമരമുണ്ടെങ്കിൽ ഇനി ധൈര്യമായി വെട്ടി വിറ്റ് കാശാക്കാം. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപന നടത്താൻ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം ഫെബ്രുവരി 9 മുതൽ നിലവിൽ വന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ മുറിച്ച് വിൽക്കുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും.
നേരത്തെ സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപന നടത്താൻ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമയ്ക്കെതിരെ കേസ് എടുത്തിരുന്നു. അതേസമയം ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും ഒരു സമിതി പരിശോധിച്ച് ശുപാർശ ചെയ്താൽ മാത്രം മുറിക്കാൻ അനുവാദം നൽകാം എന്നായിരുന്നു മുൻവ്യവസ്ഥ. പുതിയ നിയമം പ്രാബല്യത്തിലായതോടെ കർഷകർക്കു മികച്ച അവസരമാണു തുറന്നുകിട്ടുന്നത്.
അതേസമയം നിയമം നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ചന്ദന കൃഷി നടത്തി കർഷകർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അവസരം വന്നതായും ചന്ദന മരങ്ങൾ വച്ച് പിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം തന്നെ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
















































