കണ്ണൂർ: കരിവെള്ളൂർ പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ വഴിത്തിരിവ്. കേസിൽ വരന്റെ ബന്ധുവായ സ്ത്രീ അറസ്റ്റിൽ. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ചയുടെ ആഭരണങ്ങളാണ് വിവാഹദിവസം തന്നെ മോഷണം പോയത്. മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ആഭരണങ്ങൾ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തി.
അന്നുതന്നെ വധു അഴിച്ചുവച്ച സ്വർണം മോഷണം പോവുകയായിരുന്നു. വിവാഹദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒൻപതോടെയാണ് കൂത്തുപറമ്പിലേക്ക് പോയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്പിൽനിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യന്നൂർ എസ്‌ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ കേസ് അന്വേഷിച്ചത്.
സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയിലെ വിരലടയാളവും ഫോൺകോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലെത്തിച്ചത്. വിവാഹപ്പിറ്റേന്ന് ബന്ധുക്കളെ കാണിക്കാനായി ഷെൽഫ് തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയിൽനിന്ന് ആറുപേരുടെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നു. ഇതിൽ പിടിയിലായ പ്രതിയുടെ വിരലടയാളവും ഉൾപ്പെടും. കൂടുതൽ പരിശോധനയ്ക്കായി പ്രതിയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. ഇതിനിടയിലാണ് ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ ഫോൺകോളുകൾ പരിശോധിച്ചപ്പോഴും സംശയം ഇരട്ടിച്ചു. കല്യാണദിവസം എപ്പോഴാണ് മടങ്ങിയത് എന്ന ചോദ്യത്തിന് വൈകിട്ട് എന്നാണ് പ്രതി മറുപടി പറഞ്ഞത്. എന്നാൽ രാത്രി ഒമ്പതുവരെ ഇവർ വിവാഹവീട്ടിലുണ്ടായിരുന്നു.















































