തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിർദേശത്തിന് പുല്ലുവില നൽകി രജിസ്ട്രാർ കെ.എസ്. അനിൽകുമാർ. രജിസ്ട്രാർ ഇന്ന് സർവകലാശാലയിൽ ജോലിക്കെത്തിയത് ഔദ്യോഗിക വാഹനത്തിലാണ്. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വൈസ് ചാൻസലർ ഇന്നലെ നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ തനിക്ക് സ്വന്തമായി വാഹനമില്ലെന്നും സർവകലാശാലയുടെ വാഹനമേ ഉള്ളൂവെന്നും കെഎസ് അനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിസിയുടെ നിർദേശം ഇങ്ങനെയായിരുന്നു- താൻ സസ്‌പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽകുമാറിന് ഇന്നുമുതൽ ഔദ്യോഗിക വാഹനം നൽകരുത്. മാത്രമല്ല കാർ സർവകലാശാല ഗ്യാരേജിൽ ഒതുക്കിയ ശേഷം താക്കോൽ ഡ്രൈവറിൽനിന്ന് വാങ്ങാൻ സെക്യൂരിറ്റി ഓഫീസർക്കും രജിസ്ട്രാറുടെ ചുമതല നൽകിയിട്ടുള്ള ഡോ മിനി കാപ്പനും നിർദേശം നൽകി. എന്നാൽ രജിസ്ട്രാർ കെഎസ് അനിൽകുമാറിന് സിൻഡിക്കേറ്റാണ് വാഹനം അനുവദിച്ചിട്ടുള്ളതെന്നും അത് തിരിച്ചുവാങ്ങാൻ വിസിക്ക് അധികാരം ഇല്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. അതിനാൽ രജിസ്ട്രാർ ഇന്ന് ഔദ്യോഗിക വാഹനത്തിൽ തന്നെ സർവകലാശാല സ്ഥാനത്ത് എത്തുമെന്ന് സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ പറഞ്ഞിരുന്നു.
അതേസമയം അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തതു മുതൽ വിസി സ്വീകരിച്ച ഒരു നടപടികളും അംഗീകരിക്കേണ്ടതില്ല എന്നാണ് സിൻഡിക്കേറ്റിലെ ഭൂരിപക്ഷം ഇടത് അംഗങ്ങളുടെയും തീരുമാനം.