കല്ലമ്പലം: നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നാവായിക്കുളം സ്വദേശിയായ അഭിജിത്തിനെ (28) ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകളായ പതിനാറുകാരിയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.
മരിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് അഭിജിത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചത്.
ഈ സമയത്ത് വീട്ടിൽ പെൺകുട്ടിയുടെ അമ്മൂമ്മ മാത്രമാണുണ്ടായിരുന്നത്. നാവായിക്കുളം പഞ്ചായത്തിലെ ക്ലർക്കായ അമ്മ ജോലിസ്ഥലത്തായിരുന്നു. അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആയുധം ഉപയോഗിച്ച് മുറിയുടെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരിക്കിട്ട് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.