തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി സംഘടനാതല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടുന്നു. 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർഡുതല പ്രതിനിധികളുടെ യോഗത്തിൽ ലക്ഷ്യം പ്രഖ്യാപിക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5,000 വാർഡ് പ്രതിനിധികളുടെ സമ്മേളനമാണു പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ 11ന് നടക്കുക. ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും.
ബിജെപി വാർഡ് ഭാരവാഹികളല്ല, മറിച്ച് ‘വികസിത ടീം’ എന്ന പേരിൽ രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായ ശേഷം ഓരോ വാർഡിലും പ്രത്യേകം തിരഞ്ഞെടുത്ത അഞ്ചു പേരാണു യോഗത്തിൽ പങ്കെടുക്കുക. വാർഡ് ഭാരവാഹികൾക്കു പുറമേയാണ് ഈ വികസിത ടീമിന്റെ പ്രവർത്തനം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് മുതൽ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു വരെയുള്ള പ്രവർത്തനത്തിന്റെ ഏകോപനമാണ് ഇവർ ചെയ്യുന്നത്.
ഇതിനായി‘ വരാഹി’ എന്ന സ്വകാര്യ ഏജൻസിയും പ്രവർത്തിക്കുന്നുണ്ട്. ഓരോ വാർഡിനും ഓരോ പഞ്ചായത്തിനുമായി പ്രകടനപത്രിക തയാറാക്കും. കേരളത്തിലെ ഏകദേശം 17,900 വാർഡുകളിൽ ബിജെപിക്കു ഭാരവാഹികൾ ഉണ്ട്. ഇതിൽ 10,000 വാർഡുകളിൽ ജയമാണു ലക്ഷ്യം. നിലവിൽ 1,650 വാർഡുകളിലാണ് ബിജെപി ജയിച്ചത്. 10 നഗരസഭകളും തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളും ലക്ഷ്യത്തിലുണ്ട്.