തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വർധിപ്പിച്ചു. വില വർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാന്റുകൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധിക്കുക.
അതേ സമയം ബെവ്‌കോയുടെ നിയന്ത്രണത്തിൽ ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി മുതൽ 650 രൂപ നൽകണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്റുകൾക്ക് വില വർധിക്കും. ചില ബ്രാൻഡുകളുടെ വിലയിൽ മാറ്റമില്ല.
സാധാരണയായി ബവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. എല്ലാ വർഷവും വിലവർധന കമ്പനികൾ വില വർധന ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ ഇത് അനുവദിച്ചു നൽകാറുണ്ട്. നിലവിൽ കമ്പനികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വില വർധിപ്പിച്ചതെന്നാണ് ബെവ്‌കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞത്.