കൊച്ചി: കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിയ്ക്കുള്ളിലെത്തുമ്പോൾ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പാതിവില തട്ടിപ്പുകേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പല കേസുകളും പരിഗണിച്ചാണ് നിരീക്ഷണം. പാതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാമർശം.
മാത്രമല്ല പ്രതികൾ ഈ സാഹചര്യങ്ങളെ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഉണ്ടെങ്കിലും മറ്റു ചിലർ ജയിലിലേക്ക് പോകണ്ട സാഹചര്യമുണ്ടാകുമ്പോൾ മാത്രം ഇത്തരത്തിൽ കുഴഞ്ഞു വീഴുന്നു. സംസ്ഥാനത്തെ ജലിയിലുകളിലെ ചികിത്സാ സംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണെന്ന് വ്യക്തത വരുത്താൻ റിപ്പോർട്ട് സമർപ്പിക്കാനും ജയിൽ ഡിജിപിയോട് കോടതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആനന്ദ കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരോഗ്യ പ്രശ്നമുയർത്തി ജാമ്യാപേക്ഷ നൽകേണ്ടതില്ല. ജാമ്യാപേക്ഷ മെറിറ്റിൽ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.