തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ലക്ഷ്യം വെക്കുന്നത് 110 സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇനിയങ്ങോട്ട് വികസന പ്രവർത്തനങ്ങൾ ഊന്നിപ്പറയണമെന്നും തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു.
അതേസമയം കഴിഞ്ഞ തവണ 99 സീറ്റുകളോടെയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. ഇത്തവണ അതിൽ കൂടുതൽ സീറ്റുകൾ മുന്നണി നേടുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇത്തവണ സീറ്റുകൾ നൂറും കടന്ന് 110-ൽ എത്തുമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് ആത്മവിശ്വാസം നൽകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ മന്ത്രിമാരടക്കം നിരാശയിലാണ്. ഈ സാഹചര്യത്തിലാണ് അവർക്ക് ആത്മവിശ്വാസം പകരുന്ന തരത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അതുപോലെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ കഴിയാത്തതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാനുണ്ടായ കാരണം എന്നും മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചു. വികസന കാര്യങ്ങൾ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോയാൽ 110 സീറ്റുകൾ നേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഒരു താത്കാലിക പ്രതിഭാസം മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അതുണ്ടാകില്ല. അതിനാൽത്തന്നെ പ്രവർത്തകരും മന്ത്രിമാരും പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ മുതൽ നേതാക്കൻമാർ അടക്കമുള്ളവരും ഒന്നിച്ചിറങ്ങിയാൽ മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു.

















































