കൊച്ചി: സിറ്റിങ് എംഎൽഎ കെ.ബാബു കളമൊഴിഞ്ഞതോടെ നല്ല ‘എ ക്ലാസ്’ മണ്ഡലം ട്വന്റി 20ക്ക് വിട്ടുകൊടുത്തതിലും സ്ഥാനാർഥി നിർണയത്തിൽ സാബു എം ജേക്കബ് വേണ്ടത്ര സീരിയസ്നസ് കാണിച്ചില്ലെന്ന് തൃപ്പൂണിത്തുറയിലെ ഒരുവിഭാഗം ബിജെപി പ്രവർത്തകർ. മുൻസിപ്പാലിറ്റി ഭരണം പിടിച്ചതു മുതൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയായിരുന്ന തങ്ങളുടെ ആവേശം ആവിയായ അവസ്ഥയാണ് നിലവിലെന്ന് ബിജെപി പ്രവർത്തകരിലൊരാൾ പ്രതികരിച്ചു.
ബിജെപിക്കു ലഭിക്കാനിരുന്ന നല്ലോരു സാധ്യതയാണ് നേതൃത്വം ഇല്ലാതാക്കി കളഞ്ഞത്. മണ്ഡലത്തിൽ അക്കൗണ്ട് തുറക്കുന്നതിനു പകരം ഒട്ടും ഗൗരവമില്ലാത്ത ചെയ്ത്തായിപ്പോയി- എന്നാണ് പ്രവർത്തകർ പറയുന്നത്. ചലച്ചിത്ര താരം അഞ്ജലി നായരാണ് ട്വന്റി 20 സ്ഥാനാർഥിയായി തൃപ്പൂണിത്തുറയിൽ ജനവിധി തേടുന്നത്. പ്രത്യക്ഷത്തിൽ എതിർപ്പുകൾ ആരും പ്രകടിപ്പിക്കുന്നില്ലെങ്കിലും ജില്ലയിൽ ബിജെപിയുടെ പ്രാധാന്യം കുറഞ്ഞെന്ന തോന്നലും പ്രവർത്തകർക്കിടയിലുണ്ട്. അതുപോലെ ചലച്ചിത്ര താരങ്ങൾക്ക് സീറ്റു നൽകിയതിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണു താനും.
ആദ്യം ട്വന്റി 20 കൺവീനർ സാബു എം. ജേക്കബ് മത്സരിക്കുകയാണെങ്കിൽ തൃപ്പൂണിത്തുറ വിട്ടുനൽകാം എന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാൽ റിയാലിറ്റി ഷോ താരം അഖിൽ മാരാർക്ക് തൃപ്പൂണിത്തുറ നൽകണമെന്നായിരുന്നു ട്വന്റി 20യുടെ ആവശ്യം. ഇതാകട്ടെ, ബിജെപി അംഗീകരിച്ചില്ല. ഒടുവിൽ അഖിൽ മാരാർക്ക് തൃക്കാക്കരയിൽ സീറ്റ് നൽകി അക്കാര്യത്തിൽ തീരുമാനമാക്കി. എന്നാൽ മത്സരിക്കുന്നില്ലെന്ന് സാബു പ്രഖ്യാപിച്ച സാഹചര്യത്തിൽ സീറ്റ് ട്വന്റി 20ക്ക് കൈമാറേണ്ടതില്ലായിരുന്നു എന്നാണ് ബിജെപി പ്രാദേശിക നേതാക്കളിൽ ചിലരും അഭിപ്രായപ്പെടുന്നത്.
തൃപ്പൂണിത്തുറ, വൈപ്പിൻ, തൃക്കാക്കര, കുന്നത്തുനാട്, പെരുമ്പാവൂർ, അങ്കമാലി, പിറവം എന്നീ സീറ്റുകളിലാണ് ട്വന്റി 20 ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചി സീറ്റും ട്വന്റി 20ക്ക് തന്നെയാണ്. ആകെയുള്ള 14 സീറ്റുകളിൽ എട്ടെണ്ണം ട്വന്റി 20യും നാലെണ്ണം ബിജെപിയും രണ്ട് സീറ്റ് ബിഡിജെഎസുമാണ്. ഇതിൽ തന്നെ തൃപ്പൂണിത്തുറ വിട്ടുനൽകിയതാണ് പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് ഉയർത്തുന്നത്. എന്നാൽ എതിർപ്പുകൾ പരസ്യമായി പ്രകടിപ്പിക്കാൻ നേതൃത്വമോ പ്രവർത്തകരോ തയാറല്ലതാനും. ട്വന്റി 20യാണ് പ്രഖ്യാപിച്ചതെങ്കിലും അഞ്ജലി നായർ എൻഡിഎ സ്ഥാനാർഥിയാണെന്ന നേതാക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇന്നലെ രാവിലെ എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി ഗണപതി ഹോമത്തിൽ അഞ്ജലി നായർ പങ്കെടുക്കുകയും ചെയ്തു.
അതേ സമയം, ബിജെപിയുടെ കൂടി അറിവോടും താൽപര്യവും പരിഗണിച്ചാണ് ചലച്ചിത്ര താരങ്ങളായ അഞ്ജലി നായർ, വീണ നായർ, ലക്ഷ്മി പ്രിയ എന്നിവരെ സ്ഥാനാർഥികളാക്കിയതെന്ന് ട്വന്റി 20 വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനായി പ്രഫഷണൽ ഏജൻസികളുടെ സഹായവും തേടിയിരുന്നതായി വിവരമുണ്ട്. പ്രമുഖ നടന്മാരെ അടക്കം ട്വന്റി 20 ചിഹ്നത്തിൽ മത്സരിക്കാൻ ഈ ഏജൻസികൾ സമീപിച്ചിരുന്നു എന്നും വിവരമുണ്ട്. ചലച്ചിത്ര മേഖലയിൽ നിന്ന് ഒന്നോ രണ്ടോ പേരുകൾ കൂടി ട്വന്റി 20 ടിക്കറ്റിൽ പുറത്തുവന്നാലും അത്ഭുതപ്പെടാനില്ല എന്നും എൻഡിഎ വൃത്തങ്ങൾ പറയുന്നു. ഇതിനിടെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടി ലക്ഷ്മിപ്രിയയുടെ റോഡ് ഷോ മാറ്റിവച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ബുധനാഴ്ച പെരുമ്പാവൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
അതേസമയം റോഡ് ഷോയ്ക്കായി വലിയ രീതിയിലുള്ള ഫ്ലക്സുകളും കമാനങ്ങളും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സജ്ജമാക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിയുന്നതുതന്നെ. ഇതോടെ സ്ഥാനാർഥിക്കു ആരോഗ്യപ്രശ്നങ്ങൾ കാരണം റോഡ് ഷോ റദ്ദാക്കിയതായി എൻഡിഎ അറിയിക്കുകയായിരുന്നു.

















































