കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻസിപി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ഇനി ശശീന്ദ്രൻ മത്സരിക്കരുതെന്ന് പ്രമേയം പാസാക്കിയത്. ഇനി മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചേരാനുണ്ട്.
എട്ട് തവണ മത്സരിക്കുകയും അതിൽ രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയത്തിൽ പറയുന്നത്. അതേസമയം ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്. പക്ഷെ ഇത്തവണയും എലത്തൂരിൽ മത്സരിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹമെന്നാണ് അറിയുന്നത്.
1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് അങ്കം. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തിരുന്നു. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. തുടർന്നിങ്ങോട്ട് 1982-ൽ എടക്കാട്ടേക്ക് മാറി ജയം തുടർന്നു.
പക്ഷെ കണ്ണൂരിലേക്കു മാറിയപ്പോൾ രണ്ട് തവണയും പരാജയം രുചിച്ചു. 1987ൽ പി. ഭാസ്കരനോടും 1991ൽ എൻ. രാമകൃഷ്ണനോടുമായിരുന്നു തോൽവി. അങ്ങനെയാണ് തട്ടകം കോഴിക്കോട്ടേക്ക് മാറ്റുന്നത്. 2006ൽ ബാലുശ്ശേരിയിൽനിന്ന് ജയിച്ച് വീണ്ടും നിയമസഭയിലെത്തി. പിന്നീട് മണ്ഡലം പുനഃസംഘടനയിൽ ബാലുശ്ശേരി സംവരണ മണ്ഡലമായപ്പോൾ പുതിയ മണ്ഡലമായ എലത്തൂരിലേക്ക് മാറി. ഇതിനിടെ വിവാദത്തിൽ പെടുകയും മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും ചെയ്തു.

















































