തിരുവനന്തപുരം∙ ആശാ വർക്കർമാരുടെ ഓണറേറിയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലാണ് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന വീണാ ജോർജിന്റെ പ്രസ്താവനയെ രാഹുൽ മാങ്കൂട്ടത്തിൽ എതിർത്തിരുന്നു. സിക്കിമിൽ 10,000 രൂപയായി ഓണറേറിയം വർധിപ്പിച്ചിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞെങ്കിലും അത് തെറ്റാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കാര്യങ്ങൾ അറിയാതെയാണ് മന്ത്രി നിയമസഭയിൽ ഇത്തരത്തിൽ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ്.
‘‘ഇന്നലെ നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടിയന്തിര പ്രമേയത്തിൽ സിക്കിം സംസ്ഥാനം ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാൽ 2022 ജനുവരി 10ലെ ഉത്തരവിലൂടെ സിക്കിം സർക്കാർ ആശാ വർക്കർമാരുടെ ഓണറേറിയും 10,000 രൂപയാക്കി വർധിപ്പിച്ചു. മന്ത്രിമാർ നിയമസഭയിൽ ഉത്തരം പറയുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം.
ആന്ധ്രയിലും ഇൻസെന്റീവ് ഉൾപ്പെടെ 10,000 രൂപയാണ് നൽകുന്നത്. സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി സമരക്കാരുമായുള്ള ചർച്ചയ്ക്ക് തയാറാകണം. സമരത്തെ തള്ളിപ്പറയുകയും സമരം ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുകയും ചെയ്യാതെ നിഷേധാത്മക സമീപനം അവസാനിപ്പിച്ച് എൽഡിഎഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന വേതന വർധന നടപ്പാക്കാൻ സർക്കാർ തയാറാകണം. സർക്കാർ എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്.’’
“900 കോടിയിലധികം രൂപ കേന്ദ്രം ആശ വർക്കർമാക്ക് വേണ്ടിയല്ല, എൻഎച്ച്എമ്മിനാണ് നൽകുന്നത്. ഇതിൽ 97 കോടി ഒഴികെയുള്ള തുക ജനുവരി 25-ന് കേരളത്തിന് നൽകിയെന്നാണ് പാർലമെന്റിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. അതിനു ശേഷം ഫെബ്രുവരി 12ന് അനുവദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അത് സത്യമാണ്. 97 കോടി എൻഎച്ച്എമ്മിന് കിട്ടാനുള്ളപ്പോഴാണ് ആശാവർക്കർമാർക്കുള്ള ഇൻസെന്റീവ് കിട്ടാനുണ്ടെന്ന നുണ ആരോഗ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ 9 വർഷത്തിനിടെ സംസ്ഥാന വിഹിതം എത്രയാണ് നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം.
2023-24ൽ പണം നൽകാതിരുന്നത് കേന്ദ്ര സംസ്ഥാന തർക്കത്തെ തുടർന്നാണ്. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ നിർദേശിച്ച ബ്രാൻഡിങ് സംസ്ഥാനം അംഗീകരിക്കുമെന്ന് കത്ത് നൽകിയതോടെ പണം അനുവദിക്കുകയും ചെയ്തു. ആശാ വർക്കർമാരുമായി ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം. എസ്‌യുസിഐ ബംഗാളിൽ സിപിഎമ്മിന്റെ ഘടകകക്ഷിയായിരുന്നു. ആരോഗ്യ- ധനകാര്യമന്ത്രിമാർ സമരത്തെ അപമാനിച്ചപ്പോഴാണ് സമരത്തിന് യുഡിഎഫ് പിന്തുണ നൽകിയത്. പത്ത് വർഷം മുൻപ് ഓണറേറിയം വർധിപ്പിക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടിട്ടില്ലേ? ഇപ്പോൾ സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് സമരത്തെ തള്ളിപ്പറയുന്നത്.’’- സതീശൻ പറഞ്ഞു.