തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിൻ (35) ആണ് യുവതിയെ ഹോസ്റ്റലിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി കുറ്റ സമ്മതം നടത്തി. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്നാണ് മധുരയിലേക്ക് കടന്നത്. പ്രതിയെ മധുരയിൽനിന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്.
അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ട്രക്ക് ഡ്രൈവറാണ് പ്രതി. ഇയാൾ ഓടിച്ചിരുന്ന ട്രക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ കയറി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
വാതിൽ തള്ളി തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് വായ പൊത്തിപ്പിടിച്ചു, പിന്നാലെ കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. തുടർന്നു വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ യുവതി കഴക്കൂട്ടം പോലീസിൽ എത്തി പരാതിനൽകി. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്.
പക്ഷെ ഹോസ്റ്റലിൽ സിസിടിവി ക്യാമറ ഇല്ലാത്തതിനാൽ പ്രതിയെപ്പറ്റി ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. ഇതോടെ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം നടത്തിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, തുമ്പ, പേരൂർക്കട സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ, സിറ്റി ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിനുശേഷം ട്രക്കുമായി ഇയാൾ നാട്ടിലേക്ക് പോകുന്ന വഴിക്കാണ് പോലീസ് പ്രതിയെ പിടികൂടിയത്.
അതേസമയം ട്രക്കുമായി സ്ഥിരം തിരുവനന്തപുരത്തേക്ക് വരുന്ന ആളാണ് പ്രതി എന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. സാഹസികമായാണ് പ്രതിയെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പിടികൂടിയതെന്ന് ഡിസിപി പറഞ്ഞു.