കാസർകോട്: ബേഡഡുക്ക കുണ്ടംകുഴിയിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പിടിഎയുടെ കണ്ടെത്തൽ. എന്നാൽ അധ്യാപകൻ മനഃപൂർവം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. നിലവിൽ കുട്ടിയുടെ ചികിത്സയുൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. സഹായം നൽകുന്നതിനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും പിടിഎ അധികൃതർ അറിയിച്ചു. ഇതിനിടെ കുട്ടിയെ മർദിച്ചിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അധ്യാപകൻ.
ഓഗസ്റ്റ് 11നാണ് കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ മർദനമേറ്റത്. സ്കൂൾ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റു വിദ്യാർഥികൾക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയിൽ പിടിച്ചു പൊക്കുകയുമായിരുന്നു. വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചു. തുടർന്ന്, കാസർകോട്ടെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ വലതുചെവിക്കു കേൾവിക്കുറവുണ്ടെന്നും കർണപുടം പൊട്ടിയെന്നും കണ്ടെത്തുകയായിരുന്നു.
കർണപുടം പൊട്ടിയതിനാൽ കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശമെന്നും രക്ഷിതാക്കൾ പറഞ്ഞു. അതേസമയം പ്രധാനാധ്യാപകനെതിരെ പരാതി നൽകാനൊരുങ്ങുകയാണു മാതാപിതാക്കൾ. അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.