കാസർകോട്: നഗരത്തിലെ പ്രധാന വിദ്യാലയത്തിൽ പത്താം ക്ലാസ് കുട്ടികളുടെ യാത്രയയപ്പ് ചടങ്ങ് കളറാക്കാൻ കഞ്ചാവും. രഹസ്യവിവരത്തെ തുടർന്ന് കഞ്ചാവ് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് പിടികൂടി. കുട്ടികളിൽ നിന്ന് കഞ്ചാവിന്റെ ഉറവിടം കണ്ടെത്തിയ പോലീസ് വിൽപനക്കാരനെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ കൈ തിരിച്ചൊടിച്ചു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് വിൽപനക്കാരൻ കളനാട് സ്വദേശി കെ.കെ. സമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
യാത്രയയപ്പിനിടെ കൂട്ടുകാരിൽ ചിലർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സഹപാഠികൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചടങ്ങിൽ കുട്ടികളിൽ പലരും കഞ്ചാവ് ഉപയോഗിച്ചെന്നും പോലീസ് കണ്ടെത്തി. ഇവരുടെ സാമൂഹിക സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസിപ്പോൾ.
യാത്രയയപ്പ് പാർട്ടിക്കിടെ കുട്ടികൾ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ജില്ലയിലെ സ്കൂളുകളിൽ പോലീസ് കർശന നിരീക്ഷണം നടത്തി വരികയായിരുന്നു. ഡിവെഎസ്പി സി.കെ. സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ എം.പി. പ്രദീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനിതാ പോലീസുകാരുടെ സഹായത്തോടെ സ്കൂളുകളിൽ പരിശോധന നടത്തിയത്.