ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനു അറസ്റ്റിൽ. 33 കാരിയായ നടി നൽകിയ പരാതിയിൽ മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രത്തിന്റെ റിലീസ് തലേന്നാണ് നടൻ അറസ്റ്റിലായത്. പോലീസിൽ യുവതി പരാതി നൽകിയതിനു പിന്നാലെ മനു ഒളിവിൽ പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച ഹാസൻ ജില്ലയിലെ സ്വന്തം നാടായ മദേനൂരിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു’ സീസൺ 2 ലെ പ്രകടനത്തിലൂടെയാണ് മനു അറിയപ്പെട്ടു തുടങ്ങിയത്. മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2022 നവംബർ മുതൽ 2025 മേയ് വരെയുള്ള സമയങ്ങളിൽ വിവാഹ വാഗ്ദാനം നൽകി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു.
2022 നവംബർ 29ന് കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെ ശിവമോഗയിൽ വച്ചാണ് മനു യുവതിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് ആരോപണം. തുടർന്ന് വസതിയിൽ വച്ച് പലതവണ പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ പ്രതിയുടെ നിർബന്ധത്തിന് വഴങ്ങി ഗർഭഛിദ്ര ഗുളികകൾ കഴിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയതായും പീഡനവിവരം പുറത്തു പറഞ്ഞാൽ അത് പരസ്യമാക്കുമെന്നും മനു യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മനു തന്നെ മർദിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്. അതേസമയം മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.