വയനാട്: മമ്മൂട്ടി തന്നോട് നീരസരം പ്രകടിപ്പിച്ചത് അപമാനിച്ചതായി വ്യാഖ്യാനിച്ചുള്ള വിവാദത്തിൽ വിശദീകരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
മമ്മൂട്ടി തന്നെ നേരിൽ വിളിച്ചുകാര്യങ്ങൾ വ്യക്തമാക്കി. വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നും റഫീഖ് കുറിപ്പിൽ ആവശ്യപ്പെട്ടു. മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്.
ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്‌നേഹത്തിലും പുടുത്തുയർത്ത, ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്‌നേഹത്തോടെ അഭ്യർഥിക്കാനുള്ളതെന്നും റഫീഖിന്റെ കുറിപ്പില്‍ പറയുന്നു.















































