ന്യൂഡൽഹി: അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് തൊട്ടടുത്ത ദിവസം എയർഇന്ത്യയുടെ ഡൽഹി-വിയന്ന വിമാനം അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജൂൺ 14-നായിരുന്നു സംഭവം. ജൂൺ 14ന് പുലർച്ച 2:56ന് ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എഐ-187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോർട്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ പൈലറ്റുമാർ ഉടനടി നടപടികൾ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടർന്നെന്നും എയർ ഇന്ത്യ അറിയിച്ചു.
വിമാനം പറന്നുയർന്നു, പെട്ടെന്ന് ഉയരത്തിൽ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടർന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയിൽനിന്ന് മാറ്റിനിർത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ചു പൈലറ്റുമാരിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വിവരം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റെക്കോർഡുകളിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചതനുസരിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്’ എയർഇന്ത്യ വക്താവ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയർ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു. ജൂൺ 12-നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിങ് ഡ്രീംലൈനർ 787-8 വിമാനം തകർന്നുവീണത്. ഈ അപകടം നടന്ന് ഏകദേശം 38 മണിക്കൂറിന് ശേഷമാണ് ഡൽഹി- വിയന്ന വിമാനത്തിലെ സംഭവമുണ്ടായത്.