ചെന്നൈ: കരൂരിൽ ടിവികെ നേതാവും തമിഴ് സൂപ്പർതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ സോഷ്യൽമീഡിയാ കുറിപ്പുമായി നടൻ ജോയ് മാത്യു. താരാരാധനയുടെ ബലിമൃഗങ്ങൾ എന്ന തലക്കെട്ടോടെ ആയിരുന്നു നടന്‍റെ പ്രതികരണം.
വിജയ് എന്ന നടനെ കാണാനും കേൾക്കാനും വേണ്ടി മാത്രമാണ് ഇത്രയധികം ജീവനുകൾ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് ജനങ്ങൾ എന്നാണ് മനസിലാക്കുകയെന്നും ജോയ് മാത്യു ചോദിച്ചു. വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. അതിൽ പത്തിലധികം പേരും കുട്ടികൾ. എന്തൊരു ദുരന്തം !
എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രകടനമാണോ ? അല്ല. ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്‌മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ ?അല്ല. എല്ലാം വിജയ് എന്ന താരത്തെ കാണാൻ; കേൾക്കാൻ. അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ അതിവൈകാരികതയുടെ ഇരകളാകുന്നത് നിഷ്‍കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു.