ജയ്പൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് രാജസ്ഥാനിലെ ജോധ്പുരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അദ്ദേഹത്തിന്റെ പിതാവും തന്നെ പീഡിപ്പിക്കുന്നു, ഭർത്താവും സുഹൃത്തും ചേർന്നു ശാരീരികമായി ഉപദ്രവിക്കുന്നു എന്നാരോപിച്ചാണ് സഞ്ജു ബിഷ്‌ണോയി എന്ന യുവതി മകൾക്കൊപ്പം ആത്മഹത്യ ചെയ്തത്. മകൾ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയാണ് സഞ്ജുവിന്റെ മരണം. വീട്ടിൽ നിന്നും സഞ്ജുവിന്റെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു.
അധ്യാപികയായ സഞ്ജു സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ശേഷം മകളുമായി കസേരയിൽ ഇരുന്നാണ് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇവർ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഭർത്താവോ ബന്ധുക്കളോ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് പുക ഉയരുന്നത് അയൽക്കാരാണ് കണ്ടത്. അയൽക്കാർ വിവരം അറിയച്ചതിനെ തുടർന്നാണ് വീട്ടുകാരും പോലീസും എത്തിയത്.
അതേസമയം സഞ്ജു മരിച്ചതിനുശേഷം, മൃതദേഹത്തെച്ചൊല്ലിയും മാതാപിതാക്കളും ഭർത്താവിന്റെ പിതാവും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ, പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കൾക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്കരിച്ചത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തതായി പോലീസ് അറിയിച്ചു.
ആത്മഹത്യ കുറിപ്പിൽ ഭർത്താവ്, ഭർതൃ പിതാവ്, ഭർതൃ മാതാവ് എന്നിവർക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ഗണപത് സിങ് എന്ന യുവാവിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഗണപത് സിങ്ങ് സഞ്ജുവിന്റെ ഭർത്താവിന്റെ സുഹൃത്താണ്. ഇയാളും ഭർത്താവും ചേർന്ന് സഞ്ജുവിനെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. ഗണപത് സിങ്ങിനെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.