ശ്രീനഗർ: രജൗരിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ താൻ ഞെട്ടിയെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഥാപ്പ തനിക്കൊപ്പം ഒരു ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒമർ അബ്ദുള്ള കുറിച്ചു, അതേസമയം ഷെല്ലാക്രമണത്തിൽ ഥാപ്പയുടെ വീട് തകർന്നിരുന്നുവെന്നും ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു.
അതുപോലെ പാക്കിസ്ഥാന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ തെരുവുകളിൽ ഇറങ്ങാതെ വീട്ടിൽ തന്നെ തുടരണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പുറത്തുവരുന്ന കിംവദന്തികൾ അവഗണിക്കണമെന്നും അടിസ്ഥാനരഹിതമോ, സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മൾ ഒരുമിച്ച് ഇത് മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജമ്മുവിനടുത്തുള്ള ട്യൂബ്- ലോഞ്ച്ഡ് ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന പാക്കിസ്ഥാൻ പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും ഇന്ത്യൻ സൈന്യം നശിപ്പിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നേരത്തെ ജമ്മുവിൽ ആക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തിൽ ഒരു വീടിന് കേടുപാടുകൾ സംഭവിച്ചതായി വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഫിറോസ്പൂരിൽ നടന്ന മറ്റൊരു ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സുരക്ഷ മുൻനിർത്തി ഇന്ത്യയിലെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അധമ്പൂർ, അംബാല, അമൃത്സർ, അവന്തിപുരം, ബഠിൻഡ, ഭൂജ്, ബിക്കാനെർ, ഹൽവാര, ചണ്ഡീഗഡ്, ഹിന്ദോൺ, ജയ്സാൽമർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ഡല, കൻഗ്ര (ഗഗ്ഗൽ), കേശോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്ട്യാല, പോർബന്ദർ, രാജ്‌കോട്ട് (ഹിരസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലൈ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. മെയ് 9 മുതൽ മെയ് 14 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടുകയെന്നാണ് അറിയുന്നത്.