അമരാവതി: ആന്ധ്രാപ്രദേശിലെ ജനസേന എംഎൽഎ അരവ ശ്രീധറിനെതിരെ ഗുരുതര ലൈംഗിക പീഡനാരോപണം ഉന്നയിച്ച് സർക്കാർ ഉദ്യോഗസ്ഥയായ യുവതി രംഗത്ത്. വിവാഹവാഗ്ദാനം നൽകി ഒരു വർഷത്തിലേറെയായി എംഎൽഎ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും അഞ്ച് തവണ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് വിവാഹതയായ യുവതി വീഡിയോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ യുവതി എംഎൽഎയുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.
എന്നാൽ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണെന്നും ആരോപിച്ച് എംഎൽഎ രംഗത്തെത്തി. യുവതിയുടെ വെളിപ്പെടുത്തൽ പ്രകാരം, 2024-ൽ റെയിൽവേ കോടൂർ മണ്ഡലത്തിൽ നിന്ന് അരവ ശ്രീധർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ചൂഷണം ആരംഭിച്ചത്. തന്നെ കാറിൽ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡനം തുടർന്നുവെന്നും അവർ ആരോപിക്കുന്നു.
“ഗർഭച്ഛിദ്രം നടത്തിയാൽ നീയും കുടുംബവും സുരക്ഷിതമായിരിക്കും, അല്ലെങ്കിൽ എന്നെക്കുറിച്ച് നിനക്കറിയാമല്ലോ” എന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയതായും തന്റെ ഭർത്താവിനെ വിളിച്ച് വിവാഹമോചനം ആവശ്യപ്പെടാൻ എംഎൽഎ സമ്മർദ്ദം ചെലുത്തിയതായും യുവതി വീഡിയോയിലൂടെ ആരോപിച്ചു.
അതേസമയം ഈ ആരോപണങ്ങളെല്ലാം എംഎൽഎ ശക്തമായി നിഷേധിച്ചു. തനിക്കെതിരെ പ്രചരിക്കുന്നത് ഡീപ്‌ഫേക്ക് വീഡിയോകളും ദുഷ്പ്രചാരണങ്ങളുമാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 2021 മുതൽ മൂന്ന് വർഷം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ച കാലയളവിൽ താൻ ഏതെങ്കിലും തെറ്റ് ചെയ്തതായി ആർക്കെങ്കിലും തെളിയിക്കാനാകുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. പവൻ കല്യാണിന്റെ ആദർശങ്ങൾ പിന്തുടരുന്ന താൻ മണ്ഡലത്തിലെ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും കഴിഞ്ഞ ആറുമാസമായി താൻ നിരന്തരമായ ഉപദ്രവം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് തന്റെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ രായപതി ശൈലജ പരാതി ഉന്നയിച്ച യുവതിയുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും റിപ്പോർട്ട്.
















































