മുല്ലാൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് ഈ സീസനിൽ ആദ്യ തോൽവി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 50 റൺസിനായിരുന്നു പഞ്ചാബിന്റെ തോൽവി. മുല്ലാൻപൂരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. യശസ്വി ജയ്‌സ്വാൾ (45 പന്തിൽ 67), റിയാൻ പരാഗ് (25 പന്തിൽ 43) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസൺ (26 പന്തിൽ 38) നിർണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളു. 41 പന്തിൽ 62 റൺസെടുത്ത നെഹൽ വധേരയാണ് ടോപ് സ്‌കോറർ. ജോഫ്ര ആർച്ചർ മൂന്നും സന്ദീപ് ശർമ, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തിൽ തന്നെ പ്രായിൻഷ് ആര്യ (0) ഗോൾഡൻ ഡക്ക്. പിന്നാലെ ശ്രേയസ് രണ്ട് ഫോറടിച്ച് തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തിൽ പുറത്തായി. ഇരുവരും ആർച്ചറുടെ പന്തിൽ ബൗൾഡാവുകയായിരുന്നു. നാലാം ഓവറിൽ മാർകസ് സ്‌റ്റോയിനിസും (1) മടങ്ങി. സന്ദീപിനായിരുന്നു വിക്കറ്റ്. ഏഴാം ഓവറിൽ പ്രഭ്‌സിമ്രാൻ സിംഗിനെ കുമാർ കാർത്തികേയ പുറത്താക്കിയതോടെ പഞ്ചാബ് നാലിന് 43 എന്ന നിലയിലായി. തുടർന്ന് നെഹൽ വധേര – ഗ്ലെൻ മാക്‌സ്‌വെൽ (21 പന്തിൽ 30) സഖ്യം 88 റൺസ് കൂട്ടിചേർത്ത് പഞ്ചാബിന് പ്രതീക്ഷ നൽകി. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി.
തുടർന്ന് 15-ാം ഓവറിന്റെ അവസാന പന്തിൽ മാക്‌സിയെ മഹീഷ് തീക്ഷണ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വധേരയെ വാനിന്ദു ഹസരങ്കയും മടക്കിയതോടെ പഞ്ചാബിന്റെ നില പൂർണമായും പരുങ്ങലിലായി. പിന്നീട് സുര്യാൻഷ് ഷെഡ്‌ജെ (2) 17-ാം ഓവറിലും മടങ്ങി. ഇതോടെ ഏഴിന് 136 എന്ന നിലയിലായി പഞ്ചാബ്. തുടർന്നങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. മാർകോ ജാൻസൻ (2), അർഷ്ദീപ് സിംഗ് (1) എന്നിങ്ങനെയായിരുന്നു സ്കോർ. ശശാങ്ക് സിംഗ് (10), ലോക്കി ഫെർഗൂസൺ (4) എന്നിവർ പുറത്താവാതെ നിന്നു. നേരത്തെ, മികച്ച തുടക്കമായിരുന്നു രാജസ്ഥാന്. ഓപ്പണിംഗ് വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 89 റൺസ് ചേർത്ത ശേഷമാണ് സഞ്ജു മടങ്ങിയത്. പഞ്ചാബ് പേസർ ലോക്കി ഫെർഗൂസണിന്റെ പന്തിൽ മിഡ് ഓഫിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങുന്നത്. തുടർന്ന് ജയ്‌സ്വാളിനും പരാഗിനും പുറമെ ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 20), ധ്രുവ് ജുറൽ (അഞ്ച് പന്തിൽ പുറത്താവാതെ 13) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 7 പന്തിൽ 12 റൺസെടുത്ത നിതീഷ് റാണയാണ് പുറത്തായ മറ്റൊരു താരം.
ഔട്ടായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, 67 റൺസുമായി യശസ്വി ജയ്സ്വാളും പുറത്ത്