വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പൊതു മധ്യത്തിൽ പറഞ്ഞ കാര്യങ്ങളിൽ അശ്ലീലമെന്ന് സോഷ്യൽ മീഡിയ. ഇതുവരെയുള്ളവരിൽ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിൻ, ഇതുപോലൊരാളെ മറ്റൊരാൾക്കും കിട്ടിയിട്ടില്ല എന്നാണു താൻ കരുതുന്നതെന്നായിരുന്നു ട്രംപിൻ്റെ വിശേഷണം. ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാനം അർഹിക്കുന്നുവെന്ന ലീവിറ്റിന്റെ വാദത്തിന് മറുപടിയായി ന്യൂസ്മാക്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അവൾ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ അനക്കുന്ന രീതിയെല്ലാം കാണുമ്പോൾ കാരലിനെ ഒരു മെഷീൻ ഗൺ പോലെയാണ് തോന്നുന്നത്’. അവൾ ഒരു മികച്ച വ്യക്തിയാണ്. കാരലിനേക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറിയെ ആർക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്, അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് അവർക്ക്- ട്രംപ് വ്യക്തമാക്കി.
അതേസമയം ട്രംപിൻ്റെ ഭാഷാ പ്രയോഗങ്ങൾ തികച്ചും അസ്വസ്തതയുണ്ടാക്കുന്നതും നാണം കെടുത്തുന്നതുമാണെന്നും വിമർശനവുമുയർന്നു. അഭിമുഖത്തിൽ സംസാരിച്ചപ്പോൾ ട്രംപ് ഒട്ടും പ്രഫഷനൽ അല്ലാതെയാണ് സംസാരിച്ചതെന്നും ചിലർ പ്രതികരിച്ചു. 27 കാരിയായ കാരലിൻ ലീവിറ്റ് ട്രംപിന്റെ അഞ്ചാമത്തെ പ്രസ് സെക്രട്ടറിയാണ്.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപിന്റെ അന്താരാഷ്ട്ര ശ്രമങ്ങളെ അവർ പ്രശംസിച്ചിരുന്നു. ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്നും ലീവിറ്റ് ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് അധികാരമേറ്റതിനുശേഷം അദ്ദേഹം സമാധാന കരാറിനും വെടിനിർത്തലിനും മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും കാരലിൻ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പരാമർശം.