ജറുസലേം: ഗാസയുടെ പുനരുദ്ധാരണത്തിനായി ഡൊണാൾഡ് ട്രംപ് ആവിഷ്‌കരിച്ച ‘ബോർഡ് ഓഫ് പീസ്’ ഉടമ്പടിയിൽ പാകിസ്താൻ ചേരുന്നതിനെതിരെ ഇസ്രയേൽ രംഗത്ത്. ഉടമ്പടിയിൽ ഇരുപതോളം രാജ്യങ്ങൾ ഒപ്പിട്ടെങ്കിലും പാകിസ്താൻ അംഗമാവുന്നതിനെയാണ് ഇസ്രയേൽ എതിർക്കുന്നത്. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽവെച്ചാണ് രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പിട്ടത്. പാകിസ്താനു വേണ്ടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. എന്നാൽ, ഗാസയുടെ പുനരുദ്ധാരണത്തിലോ സമാധാനസേനയിലോ പാകിസ്താന് പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ‘തീവ്രവാദത്തെ പിന്തുണച്ച ഒരു രാജ്യത്തെയും ഗാസയിലേക്കു സ്വീകരിക്കില്ല, അതിൽ പാകിസ്താനും ഉൾപ്പെടുന്നു.
‘ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുടെ പട്ടികയിൽ പാകിസ്താനെ ഉൾപ്പെടുത്തിയിട്ടുള്ളതായി ഇസ്രയേൽ ധനമന്ത്രി നിർ ബർക്കത്ത് പറഞ്ഞു. അതേസമയം, ട്രംപിന്റെ പദ്ധതിയിൽ ചേരുന്നത് പാകിസ്താനിൽ ഇപ്പോഴേ വൻവിമർശനം ഉണ്ട്. അതിനിടയിലാണ് ഇസ്രയേലിന്റെ എതിർപ്പുകൂടി വരുന്നത്. പലസ്തീന്റെ താൽപ്പര്യങ്ങൾക്കു വിരുദ്ധമാണ് ട്രംപിന്റെ പദ്ധതിയെന്നാണ് പാകിസ്താനിലെ തീവ്രവിഭാഗങ്ങൾ കരുതുന്നത്. അതേസമയം, ‘ബോർഡ് ഓഫ് പീസ്’ പദ്ധതിയെ അനുകൂലിച്ച ഇസ്രയേൽ ധനമന്ത്രി ഐക്യരാഷ്ട്ര സഭയേക്കാൾ ഇത് നല്ലതാണെന്നു പ്രശംസിച്ചു. ‘ഖത്തറിനെയും തുർക്കിയെയും അംഗീകരിക്കാത്തതുപോലെ പാകിസ്താനെയും ഞങ്ങൾ അംഗീകരിക്കില്ല. ഗാസയിലെ തീവ്രവാദ സംഘടനയെ അവർ പിന്തുണച്ചിട്ടുണ്ട്. അവരെ ഞങ്ങൾ വിശ്വസിക്കില്ല.’ നിർ ബർക്കത്ത് പറഞ്ഞു ട്രംപിന്റെ 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബോർഡ് ഓഫ് പീസ്’ ആവിഷ്‌കരിച്ചത്. ഗാസയ്ക്ക് പുറത്തും ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള പുതിയ അന്താരാഷ്ട്ര സംവിധാനമായി ബോർഡ് വർത്തിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, പല രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയെ മറികടക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. അതേസമയം, ‘ബോർഡ് ഓഫ് പീസി’ൽ അംഗമാവുന്നതിനെതിരേ പാകിസ്താനിൽ എതിർപ്പ് രൂക്ഷമാവുകയാണ്. ജയിലിലടക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയാണ് ഷരീഫ് സർക്കാരിന്റെ ഉടമ്പടി ഒപ്പിടാനുള്ള തീരുമാനത്തിനെതിരെ ശക്തമായ നിലപാട് എടുത്തത്.
സമാന്തര ഘടനകൾ സൃഷ്ടിക്കുന്നതിന് പകരം ഐക്യരാഷ്ട്ര സഭയുടെ ബഹുകക്ഷി സംവിധാനത്തെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പറഞ്ഞു. ഇക്കാര്യത്തിൽ ദേശീയ ഹിതപരിശോധന വേണമെന്നും ആവശ്യപ്പെട്ടു.













































