ടെഹ്റാൻ/വാഷിങ്ടൻ: അബദ്ധത്തിൽ അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങളെ കുവൈറ്റ് വെടിവച്ചിട്ടതായി സമ്മതിച്ച് യുഎസ് സൈന്യം. ‘‘ ഇറാനുമായുള്ള പോരാട്ടത്തിനിടെ കുവൈറ്റ് വ്യോമ പ്രതിരോധ സേന യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളെ അബദ്ധത്തിൽ വെടിവച്ചിട്ടു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഇറാനെതിരെയുള്ള സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്’’–യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം കുവൈത്ത് വ്യോമാതിർത്തിയിലാണ് അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണത്. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാൽ, അപൂർവ സാഹചര്യങ്ങളിൽ റഡാറിലെ ആശയക്കുഴപ്പം, വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് അല്ലെങ്കിൽ ആശയവിനിമയ തകരാറുകൾ എന്നിവ കാരണം സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനം തകരുന്നതിനു മുൻപ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം നതാൻസ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാൻ വെളിപ്പെടുത്തി. ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നു രാജ്യാന്തര ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. കൂടാതെ സംഘർഷങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനൻ നാഷനൽ ന്യൂസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളെയും തെക്കൻ ലെബനനെയുമാണ് ലക്ഷ്യമിട്ടത്. ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ 11 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേൽ തിരിച്ചടി തുടങ്ങിയത്. ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെ ആരംഭിച്ച മേഖലയിലെ യുദ്ധം ഇതോടെ കൂടുതൽ വ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ഇസ്രയേൽ പലായന മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തെക്കൻ ലെബനനിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.















































