ജറുസലം: ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഇതോടെ 18 മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 52,243 ആയി. അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്നു മധ്യസ്ഥരായ ഖത്തർ അറിയിച്ചു.
വ്യാഴാഴ്ച ദോഹയിലെത്തിയ, ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ ഡയറക്ടർ ഡേവിഡ് ബർനിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയുമായി ചർച്ച നടത്തി. ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ശേഷിക്കുന്ന എല്ലാ ബന്ദികളെയും വിട്ടുകൊടുക്കാമെന്നാണു ഹമാസ് നിലപാട്.
എന്നാൽ ഉപാധികളില്ലാതെ ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രയേൽ ആവശ്യം. തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാനുമായി അങ്കറയിൽ ഹമാസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. അതിനിടെ, ലബനനിലെ തെക്കൻ ബെയ്റൂട്ടിൽ പാർപ്പിട സമുച്ചയത്തിനുനേരെ ഇസ്രയേൽ ബോംബാക്രമണം നടത്തി. ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകി ഒരുമണിക്കൂറിനകമായിരുന്നു ബോംബിങ്. കഴിഞ്ഞമാസം ആക്രമണം പുനരാരംഭിച്ചശേഷം ഗാസയിൽ 2,151 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.