വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരേ പരോക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. നിയമത്തിന്റെ കണ്ണില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേയെന്ന് ജോയ് മാത്യു ചോദിച്ചു. വേടന്റെ പേര് പറയാതെയാണ് പോസ്റ്റ്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ വിയര്‍പ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം. ‘യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്‌നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്’, എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ വാക്കുകള്‍.
കലാകാരന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നായിരുന്നു വേടന്റെ പ്രതികരണം. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണം. ഇനിയും ജീവിതം പഴയപോലെതന്നെയാകും. പാട്ടുകാരനെക്കാള്‍ രചയിതാവ് എന്ന പേരില്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം-അവാര്‍ഡ് വിവരമറിഞ്ഞയുടന്‍ വേടന്‍ പ്രതികരിച്ചു.


















































