ടെഹ്‌റാൻ: അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. യുഎസ് കരയുദ്ധത്തിലേക്ക് കടന്നാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്നും ഇറാൻ സെെന്യം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കളിപ്പാവയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് പരിഹസിച്ച സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി, യുഎസ് സൈനികരെ അപകടം പിടിച്ച ചതുപ്പിലേക്കാണ് ട്രംപ് അയക്കുന്നതെന്നും സൊൽഫഘാരി പറയുന്നു. അതുപോലെ ഇറാന്റെ പ്രദേശം പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമം കേവലം സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.
ഇറാന് നേർക്ക് യുഎസ് കരയുദ്ധത്തിന് ശ്രമിക്കുന്നപക്ഷം, അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം ഇറാന് നേർക്ക് കരയുദ്ധം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി പതിനായിരത്തോളം സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്ന കാര്യം യുഎസ് പരിഗണിക്കുന്നെന്ന വാർത്തകൾക്കിടെയാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.
അതേസമയം ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ- ഇറാൻ യുദ്ധം അനിശ്ചിതമായി തുടരുകയാണ്. അതിനിടെ, പരസ്യമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പറയുകയും എന്നാൽ രഹസ്യമായി കരയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നുമുള്ള വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫും ഞായറാഴ്ച രംഗത്തെത്തിയിരുന്നു.


















































