ടെഹ്‌റാൻ/ ടെൽ അവീവ്: രാജ്യത്തിന്റെ നിർണ്ണായക സ്ഥാനത്തിരുന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഐആർജിസി. പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തുന്നതിൽ സുപ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു അലി ലാരിജാനി. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്.
‘ഇന്ന് രാത്രി ശത്രുവിന്റെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും’ എന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ എയർ ഫോഴ്സ് കമാൻഡർ സർദാർ മൗസവി പറഞ്ഞു. വേഗത്തിലുള്ള തിരിച്ചടിക്കും അദ്ദേഹം ആഹ്വനം ചെയ്തു. പിന്നാലെ ആക്രമണം ആരംഭിച്ചതായി ഐആർജിസി അറിയിക്കുകയും ചെയ്തു.
ടെൽ അവീവിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ വിവിധയിടങ്ങളിൽ മിസൈൽ പതിച്ചും അവശിഷ്ടങ്ങൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാരിജാനിയെ കൂടാതെ ഇറാന്റെ ബാസിജ് സേനയുടെ മേധാവി ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു.
യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 28-നാണ് അയത്തുള്ള അലി ഖമനേയിയെ ഇസ്രയേലും യു.എസും ചേർന്ന് വധിച്ചത്. അതിനുപിന്നാലെയാണ് ലാരിജാനി ഇറാന്റെ ചുക്കാൻ ഏറ്റെടുത്തത്. യു.എസും ഇസ്രയേലും നടത്തിയ വ്യോമാക്രമണം വകവെക്കാതെ ടെഹ്റാനിൽ വെള്ളിയാഴ്ചനടന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പാർലമെന്റ് സ്പീക്കറായും മുതിർന്ന നയ ഉപദേഷ്ടാവായും പ്രവർത്തിച്ചശേഷമാണ് ലാരിജാനി പരമോന്നത സുരക്ഷാ കൗൺസിലിനെ നയിക്കാനെത്തിയത്. ട്രംപ് സർക്കാരുമായുള്ള ആണവചർച്ചയിൽ ഇറാന്റെ പ്രതിനിധിയും ഖമീനിയുടെ ഉപദേഷ്ടാവുമായിരുന്നു അദ്ദേഹം.
ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഇറാൻ രൂപീകരിച്ച സായുധവിഭാഗമാണ് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറിനു (ഐ.ആർ.ജി.സി.) കീഴിലുള്ള ബാസിജ് സേന. 2026 ജനുവരിയിലുണ്ടായ പ്രക്ഷോഭത്തെ ബാസിജ് ക്രൂരമായി നേരിട്ടത് സുലൈമാനിക്കുകീഴിലാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. വിയോജിപ്പുകൾ അടിച്ചമർത്തുന്നതിലെ പങ്ക് ചൂണ്ടിക്കാട്ടി യു.എസും യൂറോപ്യൻ യൂണിയനും ഇദ്ദേഹത്തിന് ഉപരോധമേർപ്പെടുത്തിയിരുന്നു.
ഇതിനിടെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
‘ആഗോള പ്രത്യാഘാതങ്ങളുടെ തരംഗം ആരംഭിച്ചിട്ടേയുള്ളൂ, സമ്പത്ത്, വിശ്വാസം, വംശം എന്നിവ പരിഗണിക്കാതെ എല്ലാവരെയും ഇത് ബാധിക്കും,’ ഇറാനിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.















































