ടെഹ്‌റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധപ്രക്ഷോപത്തെ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെയും 3,400 പേർ കൊല്ലപ്പെട്ടു. മൂന്നാഴ്ചയോളമായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തെ അതിക്രൂരമായാണ് ഭരണകൂടം അടിച്ചമർത്തുന്നതെന്നത് വെളിവാക്കുന്ന കണക്കാണിത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ രക്തച്ചൊരിച്ചിലായാണ് ഇതിനെ കണക്കാക്കുന്നത്.
ഔദ്യോഗികമായി പുറത്തുവരുന്നതിനേക്കാളേറെ ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാൻ കറൻസിയുടെ മൂല്യമിടിഞ്ഞതും അവശ്യസാധനങ്ങളുടെ വില താങ്ങാവുന്നതിലും അധികമായതുമാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നതിന് കാരണമായത്. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയ്‌ക്കെതിരെയും പുരോഹിത ഭരണത്തിനെതിരെയും വലിയ പ്രക്ഷോഭമായി വളർന്ന സമരത്തെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയാണ്.
അതേസമയം, ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം പതിയെ തണുക്കുന്നുവെന്നാണ് സൂചന. വ്യാഴാഴ്ച സംഘർഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പു ശബ്ദങ്ങൾ തീരേ കുറവായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടുചെയ്തു. എന്നാൽ, പ്രക്ഷോഭകരെ ഭീകരരായി മുദ്രകുത്തിയുള്ള അറസ്റ്റു തുടരുമെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിലൂടെ വീഡിയോകളും ചിത്രങ്ങളും പുറത്തെത്തിക്കുന്നവരെ ലക്ഷ്യമിടുമെന്നും അറിയിച്ചു. പ്രക്ഷോഭം അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി രാജ്യത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കയാണ്.
പ്രക്ഷോഭകർക്കെതിരെ അക്രമം തുടർന്നാൽ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഞങ്ങൾ ലോക്ക്ഡ് ആൻഡ് ലോഡഡ് ആണ്, ഏതു നിമിഷവും നടപടിക്ക് തയ്യാറാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാൽ, പിടിക്കപ്പെടുന്ന പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയരാക്കില്ലയെന്ന തരത്തിലുള്ള പ്രതികരണം ഇറാന്റെ ഭാഗത്തുനിന്നും വന്നതോടെ ട്രംപിന്റെ നിലപാട് മയപ്പെട്ടു. പൊടുന്നനെയുള്ള ആക്രമണത്തിൽ നിന്നു പിന്തിരിഞ്ഞുവെങ്കിലും ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണിക്കുമെന്നാണ് ട്രംപ് ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കുന്നത്.
അമേരിക്ക ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അത് ആഗോള സമ്പദ് വ്യവസ്ഥയെയും പശ്ചിമേഷ്യയുടെ സുസ്ഥിരതയെയും തകർക്കുമെന്ന ഭീതിയിൽ സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്.ഇറാനെ ആക്രമിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാനുള്ള സമ്മർദ്ദം ഇസ്രയേലും ചെലുത്തുന്നുണ്ട്. അതേതുടർന്നാണ് ട്രംപിന് മനംമാറ്റം വന്നിരിക്കുന്നത്. എന്തായാലും ഇറാന്റെ ഭാവി എന്തായിരിക്കുമെന്നതിലേയ്ക്ക് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. പ്രക്ഷോഭങ്ങൾ മൂലം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

















































