ഇസ്‍ലമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‍ലാമാബാദിൽ യുഎസും ഇറാനും തമ്മിൽ നടത്തി ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാൻ രംഗത്ത്. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയെന്ന് ഇറാൻ പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.
‘‘21 മണിക്കൂർ നീണ്ട ചർച്ച. ഇതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു. ഇറാൻ അതിനെ ശക്തമായി എതിർത്തു. അതോടെ ചർച്ച കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വൈസ് പ്രസിഡന്റ് വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു. അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല’’– ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.
അതേസമയം, യുഎസ്-ഇറാൻ ചർച്ചകൾ ധാരണയാകാതെ അവസാനിച്ചതിന് പിന്നാലെ ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് സൂചന നൽകി ട്രംപ് രംഗത്തെത്തി. ഉപരോധം സംബന്ധിച്ച് ഒരു മാധ്യമത്തിൽവന്ന ലേഖനം ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പ്രസിഡന്റിന്റെ കൈവശമുള്ള ആയുധം – നാവിക ഉപരോധം’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. യുഎസിന്റെ അന്തിമ നിർദ്ദേശം ഇറാൻ നിരസിക്കുകയാണെങ്കിൽ എണ്ണ കയറ്റുമതി തടയുന്നതിനായി നാവിക ഉപരോധം പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഉപരോധ നീക്കമെന്നാണ് അറിയുന്നത്.

















































