ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ഉന്നമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ്ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. 40-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഇറാന്റെ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ ആക്രമണത്തിൽ ഡിമോണയിലെ ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങളോ ആണവ വികിരണമോ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് അസാധാരണ റേഡിയേഷൻ അളവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി അറിയിച്ചു.
ഇസ്രയേലിന്റെ ദേശീയ എമർജൻസി മെഡിക്കൽ സർവീസായ മഗൻ ഡേവിഡ് അഡോം (എംഡിഎ) നൽകുന്ന വിവരമനുസരിച്ച്, 40-ഓളം പേർക്ക് ചികിത്സ നൽകി. പരിക്കേറ്റവരിൽ ഷെൽ ചീളുകൾ കൊണ്ട് പരിക്കേറ്റ 10 വയസ്സുള്ള ഒരു ബാലനും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതിനിടെ പരിക്കേറ്റവർക്കും കടുത്ത ആശങ്കയും മാനസികാഘാതവും നേരിട്ടവർക്കും അടിയന്തര ചികിത്സ നൽകേണ്ടി വന്നുവെന്നും എംഡിഎ വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ച രാവിലെ ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ യുഎസ്-ഇസ്രയേൽ സേനകൾ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡിമോണയിൽ മിസൈൽ പതിച്ചത്. നതാൻസിലെ ആക്രമണത്തെ റഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും ഇത്തരം നടപടികൾ മിഡിൽ ഈസ്റ്റിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.എന്നാൽ, നതാൻസിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്.













































