ടെഹ്‌റാൻ: ഖമനേയിയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബി, ദോഹ, മനാമ തുടങ്ങിയ ഗൾഫ് നഗരങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ അമേരിക്ക ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇറാൻ ആക്രമണത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് ഇസ്രയേൽ ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിക്കുന്നതുവരെ ബങ്കറുകളിൽ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


















































