ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനങ്ങളും വെടിവെച്ചിട്ടില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധർ രംഗതത്ത്. അഞ്ച് പാക്ക് വ്യോമസേന ജെറ്റുകളും ഒരു വ്യോമസേനാ മുന്നറിയിപ്പ് വിമാനവും ഇന്ത്യൻ വ്യോമസേന തകർത്തുവന്ന എയർ ചീഫ് മാർഷൽ എ.പി. സിങ്ങിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് സൈനിക വിദഗ്ധർ പുറത്തുവിട്ടത്.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ തകർന്നതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വിദഗ്ധൻ ടോം കൂപ്പർ പറഞ്ഞത്. ‘‘അഞ്ച് പാക്കിസ്ഥാൻ വിമാനങ്ങൾ മാത്രമല്ല, അതിൽ കൂടുതൽ വിമാനങ്ങൾ വെടിവച്ചിട്ടതിന്റെ തെളിവുകൾ ഞങ്ങൾ കണ്ടു. പാക്കിസ്ഥാൻ വിമാനങ്ങൾ നിലത്ത് തകർന്നു കിടക്കുന്നതിന്റെ തെളിവുകളാണ് ഞങ്ങൾ കണ്ടെത്തിയത്. മേയിലാണ് ഈ തെളിവുകൾ ലഭിച്ചത്. എന്നാൽ ആ ഘട്ടത്തിൽ ഇന്ത്യൻ വ്യോമസേനയിൽ നിന്നോ, ഇന്ത്യൻ സർക്കാരിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.’’– എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ കൂപ്പർ വെളിപ്പെടുത്തി.
അതേപോലെ കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചാണ് യുദ്ധവിമാനം വെടിവച്ചിട്ടതെന്നും കൂപ്പർ പറയുന്നു. 300 കിലോമീറ്റർ ദൂരെ നിന്നു കൃത്യതയോടെ വെടിവച്ചിട്ടുവെന്നത് ചരിത്ര നേട്ടമാണെന്നും വ്യോമസേനയുടെ അസാധാരണ നേട്ടത്തെ പ്രശംസിക്കുന്നതായും കൂപ്പർ പറഞ്ഞു. ഇതിനു മുൻപു യുക്രെയ്ൻ -റഷ്യ സംഘർഷത്തിനിടെ പോലും 200 കിലോമീറ്റർ ദൂരത്തിൽനിന്ന് മാത്രമേ ശത്രുവിന്റെ വിമാനത്തെ വെടിവച്ചിട്ടിള്ളൂവെന്നും കൂപ്പർ ചൂണ്ടിക്കാട്ടി. എസ് 400 സർഫസ്- ടു- എയർ മിസൈൽ സംവിധാനം ഇന്ത്യ കൃത്യമായി വിനിയോഗിച്ചെന്നും കൂപ്പർ പറയുന്നു.