ചണ്ഡീഗഢ്: ഡൽഹിയിൽ അധികാരം നഷ്ടപ്പെട്ടതിനു പിന്നാലെ പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരും പ്രതിസന്ധിയിലേക്കെന്ന് സൂചന. എഎപിയുടെ നിലനിൽപിനും അടുത്ത ഇലക്ഷൻ വരെ പിടിച്ചുനിൽക്കാനുമുള്ള ഏക കച്ചിത്തുമ്പാണ് പഞ്ചാബ്. എന്നാൽ എഎപിയുടെ മുപ്പതോളം എംഎൽഎമാരുമായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇതിന് പിന്നാലെ എഎപി ദേശീയ കൺവീനറും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചുചേർത്തു. ചൊവ്വാഴ്ചയാണ് യോഗം.
നിലവിൽ എഎപിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. ഡൽഹി തിരഞ്ഞെടുപ്പിനു മുൻപ് തന്നെ എഎപിയിൽ പൊട്ടിത്തെറികൾ തുടങ്ങിയിരുന്നു. ഇലക്ഷന് സീറ്റ് നൽകാതായതോടെ പലരും എതിർ ചേരിയിലേക്കു കൂറുമാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മുപ്പതിലധികം എഎപി എംഎൽഎമാർ ഒരുകൊല്ലത്തോളമായി കോൺഗ്രസുമായി സമ്പർക്കത്തിലുണ്ടെന്നും അവർ പാർട്ടി മാറാൻ തയ്യാറാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പർതാപ് സിങ് ബാജ്‌വ പറഞ്ഞത്.
നേതൃസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം ആസന്നമായിരിക്കുകയാണ്. തലസ്ഥാനത്തെ പാർട്ടി നേതൃത്വം, ഭഗവന്ത് മാനെ മാറ്റാൻ താൽപര്യപ്പെടുന്നുണ്ടാകാം. സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാരും പ്രവർത്തകരും കെജ്‌രിവാളിന്റെ പക്ഷത്താണ്. ലുധിയാന വെസ്റ്റ് നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. പഞ്ചാബ് നിയമസഭയുടെ ഭാഗമാകാൻ ആ മണ്ഡലത്തെ കെജ്‌രിവാൾ നോട്ടമിടുന്നുണ്ടാകാം, ബാജ്‌വ പറഞ്ഞു.
എന്നാൽ, കോൺഗ്രസിന്റെ അവകാശവാദങ്ങളെ നിരാകരിച്ച് എഎപി വക്താവ് നീൽ ഗാർഗ് രംഗത്തെത്തി. കെജ്‌രിവാൾ ഞങ്ങളുടെ ദേശീയ കൺവീനറാണ്. മാൻ പഞ്ചാബ് മുഖ്യമന്ത്രിയും. കോൺഗ്രസിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ തുടർച്ചയായ മൂന്നാംതവണയും ഒരു സീറ്റുപോലും അവർക്ക് നേടാൻ കഴിഞ്ഞില്ല. 2022-ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ അവർക്ക് 18 എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്. അത് 27-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും കുറയും. സംസ്ഥാനത്തെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പു നോക്കൂ, എന്താണ് അവരുടെ പ്രകടനം, ഗാർഗ് ചോദിച്ചു. കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്തതിനെ കുറിച്ചാണ് ബാജ്‌വ ആശങ്കപ്പെടേണ്ടതെന്നും ഗാർഗ് കൂട്ടിച്ചേർത്തു.
അങ്കണവാടി വഴി വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ, കണ്ടെത്തിയത് മാന്നാറിലെ കുടുംബശ്രീ യൂണിറ്റ് വഴി നിർമിച്ചു നൽകിയ കവറിൽ
തലസ്ഥാനത്ത് എഎപി വലിയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിൽ മുഖ്യമന്ത്രിയാകാൻ നീക്കം നടത്തുന്നതായി കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പഞ്ചാബ് നിയമസഭയിൽ ഒഴിവുള്ള ഒരു സീറ്റും ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ദിവസങ്ങൾക്ക് മുമ്പുള്ള പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.
മാത്രമല്ല പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ ഡൽഹി നേതൃത്വത്തിനെതിരെ തിരിയുമെന്നും വ്യാപകമായി എഎപി എംഎൽഎമാർ പാർട്ടി വിടുമെന്നും ഗുരുദാസ്പുർ എംപി സുഖ്ജിന്ദർ സിങ് രൺധാവ പറഞ്ഞിരുന്നു. പഞ്ചാബ് ഇടക്കാല തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കണമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. എഎപിയുടെ, കുറഞ്ഞത് 35 എംഎൽഎമാർ പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറാൻ തയ്യാറായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.