അലഹബാദ്: മതപരിവർത്തനം നടത്താതെയുളള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ആര്യസമാജ ക്ഷേത്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു ഈ നിരീക്ഷണം.
പ്രായപൂർത്തിയായ പെൺകുട്ടിയെ ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചുവെന്നും ഇപ്പോൾ അവർ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അതിനാൽ തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ സോനു എന്ന സഹ്നൂർ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചേർത്തു ആര്യസമാജ ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് നിയമപരമായ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ ചൂണ്ടിക്കാട്ടിക്കൊണ്ട് ഹർജി തള്ളി. മാത്രമല്ല പ്രായപൂർത്തിയാകാത്ത ഒരാളെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പ്രതികൾക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്തു.
ആര്യസമാജ ക്ഷേത്രങ്ങൾ പോലുള്ള ഇത്തരം സ്ഥാപനങ്ങളെയാണ് ഈ വിധി ലക്ഷ്യമിടുന്നതെന്നു കോടതി സൂചിപ്പിച്ചു. പലപ്പോഴും നിശ്ചിത ഫീസിന് നിയമപരമായ യാതൊരു നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരം സ്ഥാപനങ്ങൾ വിവേചനരഹിതമായി വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽതന്നെ അത്തരം രീതികൾ നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
മതം മാറാത്ത, പ്രായപൂർത്തിയാകാത്ത, ദമ്പതികൾക്കോ മിശ്രവിശ്വാസികളായ ദമ്പതികൾക്കോ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്ന ആര്യസമാജ സ്ഥാപനങ്ങളെക്കുറിച്ച് ഡിസിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനും ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് 29-നകം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതുപോലെ ഹർജി പ്രകാരം, മഹാരാജ്ഗഞ്ച് ജില്ലയിലെ നിച്ച്‌ലൗൾ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പോക്സോ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. കുറ്റപത്രം സമർപ്പിച്ച് സമൻസ് അയക്കുകയും ചെയ്തു.
താൻ ആര്യസമാജ ക്ഷേത്രത്തിൽ വച്ചാണ് പെൺകുട്ടിയെ വിവാഹം കഴിച്ചതെന്നും അവൾക്ക് ഇപ്പോൾ പ്രായപൂർത്തിയായെന്നും ഹർജിക്കാരൻ കോടതിയിൽ അവകാശപ്പെട്ടു. ഇപ്പോൾ തങ്ങൾ ഒരുമിച്ച് താമസിക്കുന്നതിനാൽ, ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
അതേസമയം ഹർജിയെ എതിർത്ത്, ഇരുവരും വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്നും മതം മാറിയിട്ടില്ലെന്നും അതിനാൽ, വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു. നിരവധി ആര്യസമാജ സ്ഥാപനങ്ങൾ പ്രായപൂർത്തിയാകാത്തവരോ, മിശ്രവിശ്വാസികളോ ഉൾപ്പെടുന്ന വിവാഹങ്ങൾക്ക് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ആര്യസമാജ വിവാഹം എന്താണ്?
ലാളിത്യവും വേദ ആചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരിഷ്കരണ പ്രസ്ഥാനമായ ആര്യസമാജം തങ്ങളുടെ തത്വങ്ങൾക്കനുസൃതമായി നടത്തുന്ന ഒരു ഹിന്ദു വിവാഹമാണ് ആര്യസമാജ വിവാഹം. വിപുലമായ ആചാരങ്ങൾ ഒഴിവാക്കി, പവിത്രമായ അഗ്നി, സ്തുതിഗീതങ്ങൾ ആലപിക്കൽ തുടങ്ങിയ അടിസ്ഥാന വേദ ആചാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചടങ്ങാണിത്. ഇത് സാധാരണയായി ഒരു ആര്യസമാജ മന്ദിറിലാണ് ഇത്തരം ചടങ്ങുകൾ നടക്കുന്നത്. ഇതിന്റെ യോഗ്യതയ്ക്കായി പങ്കാളികൾ ഇരുവരും ഹിന്ദുക്കളായിരിക്കണം (അല്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കണം). കൂടാതെ വരന് 21 വയസ്സും വധുവിന് 18 വയസ്സും കുറഞ്ഞ പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
വ്യക്തികൾ ഹിന്ദുവോ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറോ ആണെങ്കിൽ, ആര്യസമാജം അന്തർജാതി, അന്തർമത വിവാഹങ്ങളെ സ്വാഗതം ചെയ്യുന്നു. ആര്യസമാജം നടത്തുന്ന ശുദ്ധീകരണ ചടങ്ങിലൂടെ (ശുദ്ധി) മറ്റ് മതങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് (മുസ്ലീം അല്ലെങ്കിൽ ക്രിസ്ത്യൻ പോലുള്ളവ) ആര്യസമാജ വിവാഹം നടത്താൻ പ്രാപ്തരാക്കുന്ന തരത്തിൽ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാം എന്നാണ് നിയമം.
നടപടി ക്രമങ്ങൾ
ദമ്പതികൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പ്രായ തെളിവ് സർട്ടിഫിക്കറ്റ്, താമസിക്കുന്നതിന്റെ തെളിവ്, പങ്കാളിയുടെ നാല് ഫോട്ടോകൾ വീതവും ഐഡി കാർഡുകളുള്ള രണ്ട് സാക്ഷികളും കാണിക്കണം. അതിനു ശേഷം ദമ്പതികൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി, വേദ ആചാരങ്ങളും ഹിന്ദു ആചാരങ്ങളും അനുസരിച്ച് ക്ഷേത്രത്തിലെ ഒരു പുരോഹിതൻ വിവാഹം നടത്തും. ഇതിനുശേഷം, ദമ്പതികൾക്ക് ഒരു സർട്ടിഫിക്കറ്റ് നൽകുന്നു. ആര്യസമാജ വിവാഹങ്ങൾ 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം, ആർക്കും നിങ്ങളെ നിയമപരമായി ഉപദ്രവിക്കാൻ കഴിയില്ല, നിങ്ങളെ കോടതിയിൽ വെല്ലുവിളിക്കാൻ കഴിയില്ല,” വെബ്‌സൈറ്റ് ഉറപ്പുനൽകുന്നു.
കോടതികൾ പറയുന്നത് എന്താണ്
അതേസമയം ആര്യസമാജ സർട്ടിഫിക്കറ്റ് സാധുവായ വിവാഹ സർട്ടിഫിക്കറ്റ് അല്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി ആറ് ദിവസം മുമ്പ് മറ്റൊരു കേസിൽ സമാനരീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആര്യസമാജ മന്ദിർ സർട്ടിഫിക്കറ്റ് മാത്രം സാധുവായ വിവാഹ സർട്ടിഫിക്കറ്റല്ലെന്നും ഹിന്ദു ദമ്പതികൾ തമ്മിലുള്ള വിവാഹമോചനം സ്റ്റാമ്പ് പേപ്പറിൽ ആകരുതെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധിച്ചിരുന്നു.
തന്റെ ഭർത്താവാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ ജീവനക്കാരന്റെ മരണശേഷം കാരുണ്യ നിയമനം ആവശ്യപ്പെട്ട് ഒരു സ്ത്രീ സമർപ്പിച്ച ഹർജിക്കൊണ്ട് ജസ്റ്റിസ് മനീഷ് മാത്തൂരിന്റേതായിരുന്നു ഈ വിധി. ജൂലൈ 15 നാണ് ഈ കേസിൽ ഹർജി തള്ളിയത്.
ആര്യസമാജ സർട്ടിഫിക്കറ്റുകൾ മാത്രം നിയമപരമായ വിവാഹത്തിന്റെ നിർണായക തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്ന് ആവർത്തിക്കുന്നതിനായി ഡോളി റാണി, മനീഷ് കുമാർ ചഞ്ചൽ, ശ്രുതി അഗ്നിഹോത്രി, ആനന്ദ് കുമാർ ശ്രീവാസ്തവ എന്നിവയുൾപ്പെടെയുള്ള കേസുകളുടെ വിധികളും ഉദ്ധരിച്ച് കോടതി പറഞ്ഞു.
അതേസമയം ഏപ്രിൽ 17-ന് അലഹബാദ് ഹൈക്കോടതി, ആര്യസമാജ ക്ഷേത്രങ്ങളിൽ നടക്കുന്ന രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള വിവാഹങ്ങൾ വേദപ്രകാരമോ മറ്റ് പ്രസക്തമായ ഹിന്ദു ആചാരങ്ങൾക്കനുസരിച്ചോ നടത്തുകയാണെങ്കിൽ, 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം സാധുതയുള്ളതാണെന്ന് വിധിച്ചിരുന്നു. ഏപ്രിൽ 8 ലെ വിധിന്യായത്തിൽ, ആര്യസമാജം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ പ്രഥമദൃഷ്ട്യാ സാധുത ഉണ്ടായിരിക്കില്ലെങ്കിലും, അത് വെറും പാഴായ കടലാസ് അല്ലെന്നും കോടതി വ്യക്തമാക്കി. ഭാരതീയ സാക്ഷി അധിനിവേശം, 2023 ലെ വ്യവസ്ഥകൾ അനുസരിച്ച്, ചടങ്ങ് നടത്തിയ പുരോഹിതന്റെ സാക്ഷ്യത്തിലൂടെ അത്തരമൊരു സർട്ടിഫിക്കറ്റ് ഇപ്പോഴും വിചാരണ വേളയിൽ സാധൂകരിക്കാൻ കഴിയും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, അലഹബാദ് ഹൈക്കോടതി ഗൗതം ബുദ്ധ നഗറിലും ഗാസിയാബാദിലും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിലും വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആര്യസമാജ മന്ദിറുകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. യുവ ദമ്പതികൾ ഫയൽ ചെയ്ത സംരക്ഷണ കേസുകൾ കൈകാര്യം ചെയ്ത ജസ്റ്റിസ് വിനോദ് ദിവാകരിന്റേതായിരുന്നു ഇത്തരത്തിലുള്ള നിരീക്ഷണം.
ഇത്തരം വിവാഹങ്ങൾ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, നിർബന്ധിത തൊഴിൽ എന്നിവയിലേക്ക് നയിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. സാമൂഹിക അസ്ഥിരത, ചൂഷണം, നിർബന്ധം, കൃത്രിമത്വം, അവരുടെ വിദ്യാഭ്യാസത്തിന്റെ തടസം എന്നിവ മൂലമുണ്ടാകുന്ന വൈകാരികവും മാനസികവുമായ ആഘാതം കുട്ടികൾ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ, ഈ പ്രശ്നങ്ങൾ കോടതികളിൽ ഗണ്യമായ ഭാരം ഉണ്ടാക്കുന്നു. അതിനാൽ, രേഖകൾ പരിശോധിക്കുന്നതിനും ട്രസ്റ്റുകളുടെയും സമൂഹങ്ങളുടെയും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ ഒരു സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ.