തലശ്ശേരി: ഇലക്ട്രിക്കൽ ബി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കാൻ 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് പാനൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ പി. രാജുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. തലശ്ശേരി വിജിലൻസ് കോടതിയുടെ ചുമതലയുള്ള തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (നാല്) മുമ്പാകെ ഹാജരാക്കിയ മഞ്ജിമയെ കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയാണ് പരാതിക്കാരൻ.
ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലിനോക്കുന്നതിന് ബി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസിന് 2025 ഡിസംബർ 10-ന് കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡിൽ ഓൺലൈൻ വഴി അപേക്ഷ നൽകി. അപേക്ഷയിൽ നടപടി സ്വീകരിക്കാൻ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ മഞ്ജിമ പി. രാജു പരാതിക്കാരനോട് 6,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക നൽകിയാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളുവെന്ന് അറിയിച്ചു. വാട്സാപ്പ് ചാറ്റ് വഴിയും കൈക്കൂലി ആവശ്യപ്പെട്ടു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ കൈക്കൂലി നൽകണമെന്നായിരുന്നു ആവശ്യം.
പരാതിക്കാരൻ വിവരം കണ്ണൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. പരാതിക്കാരനിൽനിന്ന് 6,000 രൂപ കൈക്കൂലി വാങ്ങവെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് ബുധനാഴ്ച രാവിലെ 6.20-ന് വിജിലൻസ് മഞ്ജിമയെ അറസ്റ്റ്ചെയ്യുകയായിരുന്നു. 56 ട്രാപ്പ് കേസുകളിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമായി 75 പ്രതികളെ വിജിലൻസ് ഈ വർഷം പിടികൂടി. ഒരുവർഷത്തെ ട്രാപ്പ് കേസുകളുടെ എണ്ണത്തിൽ വിജിലൻസിന് ഇതുവരെയുള്ളതിൽ ഇത്തവണ ഏറ്റവും കൂടുതലാണ്.


















































