തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ടിനു സമീപം രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കയ്യിൽ നിന്നു കുതറി കിണറ്റിൽ വീണെന്നാണ് മുബഷിറ പറഞ്ഞത്. എന്നാൽ ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ ഇന്നലെ തന്നെ സംശയം ഉണ്ടായിരുന്നു.
അതേസമയം മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേർന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടർന്നു പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
എന്നാൽ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടായിരുന്നതിനാൽ തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് തന്നെ പോലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെയും പോലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെയാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്. മുബഷിറ നിലവിൽ പോലീസ് കസ്റ്റഡിയിൽ വീട്ടിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവ് ജാബിർ കുടക് കുശാൽ നഗറിൽ വ്യാപാരിയാണ്. സഹോദരങ്ങൾ: സഫ, അൽത്താഫ്, അമൻ.
			


































                                


							







