ന്യൂഡൽഹി: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്. പാക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥൻ അലി ഹസനുമായുള്ള ജ്യോതിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തായത്. ഈ ചാറ്റുകളിൽ ജ്യോതി പാക്കിസ്ഥാനെ പ്രശംസിക്കുകയും തനിക്കു പാക്കിസ്ഥാനിൽ നിന്നു വിവാഹിതയാകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം ജ്യോതി പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചതായുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കിടെയാണ് വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരിക്കുന്നത്. ഐഎസ്ഐ ഉദ്യോഗസ്ഥൻ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി ഇവർ പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേപോലെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയിൽ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങളും ജ്യോതി പാക്കിസ്ഥാന് ചോർത്തിനൽകിയിട്ടുണ്ട്. ഈ സമയത്തും ഇവർ ഡാനിഷുമായും ബന്ധപ്പെട്ടിരുന്നു. കൂടാതെ ബംഗ്ലാദേശ് സന്ദർശിക്കാനും ജ്യോതി പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകിയതിന് കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മൽഹോത്ര അറസ്റ്റിലായത്. ഇവർ അടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി കശ്മീരും പാക്കിസ്ഥാനും സന്ദർശിച്ചതായി ഹരിയാന പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലീസ് പറഞ്ഞു.