ന്യൂഡൽഹി: ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന സച്ചിൻ തെണ്ടുൽക്കറെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചിരുന്നതായി അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ സന്ദീപ് പാട്ടീൽ. തന്റെ 24 വർഷത്തിലധികം നീണ്ട അന്താരാഷ്ട്ര കരിയറിൽ അനവധി റെക്കോർഡുകൾ സ്വന്തമാക്കി. 100 അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയത് ഉൾപ്പെടെ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ഇന്നും നിലകൊള്ളുന്ന സച്ചിന് കരിയറിനിടയിൽ ചില കഠിനമായ ഘട്ടങ്ങളും അദ്ദേഹത്തിന് നേരിട്ടിരുന്നുവെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തൽ.
2012 ലാണ് സംഭവം. ആ വർഷം സച്ചിൻ ടെണ്ടുൽക്കറിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ശരാശരി 23.8 മാത്രവും 10 ഏകദിന മത്സരങ്ങളിൽ ശരാശരി 31.5 മാത്രവുമാണ് നേടിയത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചിരുന്ന അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ സന്ദീപ് പാട്ടീൽ സച്ചിനോട് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് നേരിട്ട് ചോദിച്ച സംഭവമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
യൂട്യൂബിലെ “ദ വിക്കി ലാൽവാനി ഷോ”യിൽ സംസാരിക്കവെയാണ് സന്ദീപ് പട്ടീൽ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. സെലക്ഷൻ കമ്മിറ്റി സച്ചിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞപ്പോൾ സച്ചിൻ ഏറെ ഞെട്ടിയതായും പട്ടീൽ വ്യക്തമാക്കി. “ഞാൻ അവനോട് ‘നിന്റെ ഭാവി പദ്ധതികൾ എന്താണ്?’ എന്ന് ചോദിച്ചു. അതിന് അവൻ ‘എന്തിനാണ്?’ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, സെലക്ഷൻ കമ്മിറ്റി നിന്റെ പകരക്കാരനെ തേടുകയാണ്,”… ഇത് കേട്ട സച്ചിൻ അൽപം ഞെട്ടിയെന്നും പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്ന് ചോദിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതിന് താൻ “അതെ” എന്ന് മറുപടി നൽകിയതായും പട്ടീൽ പറഞ്ഞു.
എന്നാൽ 2013-ൽ സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ തന്റെ ആ സംഭാഷണത്തിന്റെ ഫലമല്ലെന്നും സന്ദീപ് പട്ടീൽ വ്യക്തമാക്കി. സെലക്ടർമാർക്ക് ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെങ്കിലും, അദ്ദേഹത്തെ വിരമിക്കാൻ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. “സെലക്ടർമാർക്ക് ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാം. പക്ഷേ അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചു എന്ന് പറയാനോ വിരമിക്കാൻ നിർബന്ധിക്കാനോ കഴിയില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് മാത്രം ചോദിച്ചു,” എന്ന് പട്ടീൽ വ്യക്തമാക്കി. പിന്നീട് സച്ചിൻ കളി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതോടെ സെലക്ഷൻ കമ്മിറ്റി അത് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“ജനങ്ങൾ കോപിച്ചതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകും. കാരണം അദ്ദേഹം സച്ചിൻ ടെണ്ടുൽക്കറാണ്,” എന്നും പട്ടീൽ കൂട്ടിച്ചേർത്തു. സച്ചിന്റെ വിരമിക്കൽ സംബന്ധിച്ച വിവാദം മാത്രമാണ് പലരും ഓർക്കുന്നതെന്നും പാട്ടീൽ പറഞ്ഞു. എന്നാൽ അതേ കാലഘട്ടത്തിൽ ഇന്ത്യക്ക് നിരവധി മികച്ച താരങ്ങൾ ടീമിൽ എത്തിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ആ കാലയളവിലാണ് മുഹമദ് ഷമി, ബുമ്രെ, അശ്വിൻ, രവീന്ദ്ര ജഡേജ, രഹാനെ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിൽ ഉയർന്ന് വന്നത്. ആ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എല്ലാവരും ഓർക്കുന്നത് സച്ചിനെ പുറത്താക്കി എന്ന കാര്യമാണെന്നും പട്ടീൽ പറഞ്ഞു. അതേസമയം 2013-ലാണ് സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
















































